ചന്ദ്രനിൽ വീട് നിർമിക്കാനൊരുങ്ങി നാസ

Advertisements
Advertisements

ചൊവ്വയിലോ ചന്ദ്രനിലോ ഒക്കെ മനുഷ്യവാസം സാധ്യമാകുമോ എന്നത് ലോകരാജ്യങ്ങൾ ഗൗരവത്തോടെ നോക്കിക്കാണുന്ന വിഷയമാണ്. എന്നാൽ ഇത് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ യാഥാർഥ്യമാക്കിയേക്കാം എന്ന സൂചനയാണ് നാസയുടെ പുതിയ പ്രഖ്യാപനം നൽകുന്നത്. 2040 നുള്ളിൽ ചന്ദ്രനിൽ നാസ വീട് നിർമ്മിക്കാൻ ഒരുങ്ങുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2040 എന്നത് ലക്ഷ്യം നേടിയെടുക്കാനുള്ള കടമ്പകൾ വച്ചുനോക്കുമ്പോൾ അല്പം നേരത്തെയാണെന്ന തരത്തിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും ഈ കാലയളവിനുള്ളിൽ ചന്ദ്രനിൽ നിർമിതികൾ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ എന്നാണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം.

Advertisements

കെട്ടിട നിർമ്മാണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവച്ച ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയാണ് നാസയും തിരഞ്ഞെടുത്തിരിക്കുന്നത്. ത്രീഡി പ്രിന്റർ ചന്ദ്രനിലേയ്ക്ക് എത്തിച്ച ശേഷം നിർമിതിക്ക് രൂപം നൽകാനാണ്  പദ്ധതി. ചന്ദ്രോപരിതലത്തിലെ പാറ കഷ്ണങ്ങളും ധാതുക്കളും ഉപയോഗിച്ചായിരിക്കും പ്രിന്റർ നിർമ്മിതിക്ക് വേണ്ട കോൺക്രീറ്റ് നിർമ്മിക്കുന്നത്. എന്നാൽ നിർമിതിയുടെ ആകൃതിയും രൂപകല്പനയും സംബന്ധിച്ച് അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. ചന്ദ്രനിൽ കെട്ടിടം നിർമിക്കുക എന്നത് സുപ്രധാനമായ ചുവടുവയ്പ്പാണെന്ന് നാസയുടെ ടെക്നോളജി മച്ചുറേഷൻ ഡയറക്ടറായ നിക്കി വെർക്ഹെയ്സർ പറയുന്നു. സ്വപ്ന സമാനമായ പദ്ധതിയാണിത്. എന്നാൽ ഈ ഘട്ടത്തിൽ എത്തുക എന്നത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രനിൽ കെട്ടിടം നിർമിക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് എത്താനായി അതിനൂതന സാങ്കേതികവിദ്യകളെയാണ് നാസ ആശ്രയിക്കുന്നത്. ഓസ്റ്റിൻ ആസ്ഥാനമായ പ്രവർത്തിക്കുന്ന ഐക്കൺ എന്ന കമ്പനിയാണ് ത്രീഡി പ്രിന്റർ നിർമ്മാണത്തിൽ നാസയ്ക്കൊപ്പം ചേർന്നിരിക്കുന്നത്. ത്രീഡി പ്രിന്റർ ഉപയോഗിച്ച് ഭൂമിയിൽ വീടുകൾ നിർമ്മിച്ച് വിജയം കൈവരിച്ച കമ്പനിയാണ് ഐക്കൺ. അടുത്ത ഫെബ്രുവരിയിൽ നാസയുടെ മാർഷൽ ഫ്ലൈറ്റ് സ്പെയ്സ് സെന്ററിൽ പ്രിന്റർ ടെസ്റ്റുകൾക്ക് വിധേയമാക്കും.

Advertisements

ഇതിനുപുറമേ വിവിധ സർവകലാശാലകളുമായും സ്വകാര്യ കമ്പനികളുമായും നാസ പങ്കാളിത്തത്തിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. ചന്ദ്രനിലെ നിർമിതിക്കാവശ്യമായ വാതിലുകൾ, ടൈലുകൾ, ഫർണിച്ചറുകൾ എന്നിവയുടെ നിർമാണത്തിനായാണ് ഈ പങ്കാളിത്തം. ലക്ഷ്യം നേടിയെടുക്കാനായി നാസയുമായി ഒരേമനസ്സോടെ ചേർന്നുപ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും ലഭിച്ചതിനാൽ പദ്ധതി കൃത്യമായി പൂർത്തീകരിക്കാനാവുമെന്നാണ്  ശാസ്ത്രജ്ഞരുടെ വിശ്വാസം.

ത്രീഡി പ്രിന്ററിന്റെ നിർമ്മാണം വിജയകരമായി നടത്താനായാൽ അതിനുശേഷം  പ്രിന്റർ ചന്ദ്രനിൽ ഇറക്കാൻ ആവശ്യമായ ലാൻഡിങ് പാഡുകളും തയ്യാറാക്കണം. എന്നാൽ ദൗത്യത്തിലേയ്ക്ക് എത്തുന്നതിനൊപ്പം ബഹിരാകാശ സഞ്ചാരികളെ ചന്ദ്രന്റെ ഭ്രമണപഥത്തിലും ചന്ദ്രോപരിതലത്തിലും എത്തിക്കാനുള്ള ആർട്ടമിസ് 2, 3 ദൗത്യങ്ങളും നാസയ്ക്ക് വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ട്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights