ലോഞ്ചിന് മാസങ്ങള്‍ അവശേഷിക്കുകയാണെങ്കിലും ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരീസിനെ കുറിച്ചുള്ള ചര്‍ച്ചകളും അഭ്യൂഹങ്ങളും ഇപ്പോഴേ തുടങ്ങി. സെപ്റ്റംബര്‍ മാസം ഐഫോണ്‍ 17 സീരീസ് പുറത്തിറങ്ങും എന്നാണ് പ്രതീക്ഷ. ഐഫോണ്‍ 17 സീരീസിനെ കുറിച്ചുള്ള ചില സൂചനകള്‍ നോക്കാം.
ഐഫോണ്‍ 17 സീരീസില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ്, ഐഫോണ്‍ 17 എയര്‍ എന്നീ നാല് ഫ്ലാഗ്ഷിപ്പ് ഫോണ്‍ മോഡലുകള്‍ വരാനാണ് സാധ്യത. ഇതിലെ എയര്‍, ആപ്പിളിന്‍റെ എക്കാലത്തെയും സ്ലിമ്മായ സ്മാര്‍ട്ട്‌ഫോണായിരിക്കും. പഴയ പ്ലസ് ഫോണ്‍ മോഡലിന് പകരമായിരിക്കും എയര്‍ ആപ്പിള്‍ അവതരിപ്പിക്കുക. സോഫ്റ്റ്‌വെയറിലും ഹാര്‍ഡ്‌വെയറിലും അപ്‌ഡേറ്റോടെയാവും ഐഫോണ്‍ 17 സീരീസ് പുറത്തിറങ്ങുക. നാല് ഫോണുകളുടെയും ഡിസൈനില്‍ മാറ്റമുണ്ടാകും.
ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ ഒലെഡ് ഡിസ്പ്ലെയിലായിരിക്കും വരിക എന്നാണ് അഭ്യൂഹങ്ങള്‍. പ്രോ മാക്സ് 6.9 ഇഞ്ചും പ്രോ 6.3 ഇഞ്ചും 17 എയര്‍ 6.6 ഇഞ്ചും ഡിസ്പ്ലെയോടെയാണ് വരികയെന്നും ഐഫോണ്‍ 17 വാനില ഒഴികെയുള്ള മോഡലുകള്‍ 120Hz പ്രോമോഷന്‍ ഡിസ്പ്ലെയുമായായിരിക്കും എത്തുകയെന്നുമാണ് ആദ്യ സൂചനകള്‍. ആപ്പിളിന്‍റെ ഏറ്റവും പുതിയ എ19 ചിപ്പിലായിരിക്കും ഐഫോണ്‍ 19 സീരീസ് വരിക. അതേസമയം പ്രോ മോഡലുകള്‍ക്ക് എ19 പ്രോ ചിപ്പ് ലഭിച്ചേക്കും. പ്രോ മോഡലുകള്‍ക്ക് 12 ജിബി റാമും സ്റ്റാന്‍ഡേഡ് മോഡലുകള്‍ക്ക് 8 ജിബി റാമും പ്രതീക്ഷിക്കാം. ക്യാമറ ഫീച്ചറുകളിലേക്ക് വന്നാല്‍ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ 48 എംപിയുടെ ട്രിപ്പിള്‍-റീയര്‍ ക്യാമറ വരുമെന്ന് റൂമറുകളുണ്ട്. ഇതിലെ ടെലിഫോട്ടോ ലെന്‍സിന് 5x ഒപ്റ്റിക്കല്‍ സൂമും ഉണ്ടാവും. അതേസമയം സ്റ്റാന്‍ഡേഡ് മോഡലുകള്‍ക്ക് 48 എംപിയുടെ ഡുവല്‍ ക്യാമറയ്ക്കാണ് സാധ്യത. പരമ്പരാഗത ട്രായാങ്കിള്‍ ഡിസൈന് പകരം ഐഫോണ്‍ 17 സീരീസില്‍ ഹൊറിസോണ്ടല്‍ ക്യാമറ മൊഡ്യൂളാണ് വരാനിടയെന്നും പറയപ്പെടുന്നു.
ലോഞ്ചിന് മാസങ്ങള്‍ ബാക്കി; ചര്‍ച്ചകളില്‍ നിറഞ്ഞ് ഐഫോണ്‍ 17 സീരീസ്, വമ്പന്‍ അപ്‌ഡേറ്റുകള്‍ക്ക് കളമൊരുങ്ങുന്നു
