തലയണയ്ക്ക് കീഴില്‍ മൊബൈല്‍ വെച്ച് കിടന്നുറങ്ങുന്നത് മരണത്തിന് ഇടയാക്കുമെന്ന വാദം സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്. അതില്‍ സത്യമുണ്ടോയെന്ന് പരിശോധിക്കാം… മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനാണ് പ്രശ്നക്കാരന്‍ എന്നാണ് വാദം. എന്നാല്‍ ഈ വാദത്തിന് അടിസ്ഥാനമില്ലെന്നാണ് ഡോക്റ്റര്‍മാരും ഗവേഷകരും പറയുന്നത്. തലയണയ്ക്ക് അടിയില്‍ സൂക്ഷിക്കുന്ന മൊബൈലില്‍ നിന്ന് അപകടകാരികളായ റേഡിയേഷന്‍ മൂക്കിലൂടെ ശരീരത്തിലേക്ക് പ്രവേശിച്ച് തലച്ചോറില്‍ വരെയെത്തുമെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്ന ഒരു പോസ്റ്റില്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇത് അടിസ്ഥാനമില്ലാത്ത പ്രചരണമാണെന്നാണ് കണ്ടെത്തല്‍. മൊബൈല്‍ ഫോണില്‍ നിന്ന് നോണ്‍ അയണൈസിങ് റേഡിയേഷനുകളാണ് പുറത്തു വരുന്നത്. അവയില്‍ ഊര്‍ജം വളരെ കുറവായിരിക്കും. ഡിഎന്‍എയെയോ ഏതെങ്കിലും ഒരു കോശത്തെയോ കേടു വരുത്താന്‍ മാത്രമുള്ള ശക്തി അതിനുണ്ടാകില്ല. എക്സ്റേയ്സ് പോലുള്ള അയണൈസിങ് റേഡിയേഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണിലെ വൈഫൈയും ബ്ലൂടൂത്തും വഴിയുള്ള റേഡിയേഷനുകള്‍ ചെറു തെന്നലിന് തുല്യമാണ്. മാരകമായ യാതൊന്നും ഈ റേഡിയേഷന്‍ മൂലമുണ്ടാകില്ലെന്ന് ചുരുക്കം. ലോകാരോഗ്യ സംഘടനയോ, ഇന്‍റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സറോ മൊബൈല്‍ റേഡിയേഷന്‍ മാരകമാണെന്നതില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ലെന്ന് ഡോക്റ്റര്‍മാര്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ചുള്ള ദീര്‍ഘകാലമായുള്ള പഠനങ്ങളില്‍ പോലും അതുമൂലം തലച്ചോറിന് അസുഖം ബാധിക്കുമെന്ന് കണ്ടെത്തിയിട്ടില്ല. എന്നിട്ടും മൊബൈല്‍ ഫോണ്‍ ഉപയോഗം ബ്രെയിന്‍ ക്യാന്‍സറിന് ഇടയാക്കുമെന്ന മട്ടിലുള്ള പ്രചരണം ശക്തമാണ്. കഴിഞ്ഞ 20 വര്‍ഷമായി മൊബൈല്‍ ഫോണുകള്‍ സജീവമാണ്. മറ്റൊന്ന് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള റേഡിയേഷന്‍ മൂക്കിലേക്ക് ഇരച്ചു കയറില്ലെന്നതാണ്. അന്തരീക്ഷത്തില്‍ തുല്യമായ രീതിയിലായിരിക്കും ഇവ പരക്കുക. അതു മാത്രമല്ല തലയോട്ടി ഇവയില്‍ നിന്ന് വേണ്ട രീതിയില്‍ പരിരക്ഷയും നല്‍കും.
മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ അപകടമോ..?
