എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഗ്രേഡില്‍ തൃപ്‌തിയാകാത്തവര്‍ക്ക് ഇനി മാര്‍ക്കും അറിയാം. എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം കഴിഞ്ഞു മൂന്ന് മാസത്തിന് ശേഷം 500 രൂപ ഫീസ് അടച്ചാല്‍ ഓരോ വിഷയത്തിന്റെയും മാര്‍ക്ക് വിവരം ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. സ്‌കൂളിലെ പ്രഥമാധ്യാപകന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ നിശ്ചിത മാതൃകയും വകുപ്പ് നല്‍കിയിട്ടുണ്ട്. പരീക്ഷാ സെക്രട്ടറിയുടെ പേരില്‍ എടുത്ത 500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്‌റ്റ് സഹിതം അപേക്ഷിക്കണം. സ്‌കൂളിന്റെ മേല്‍വിലാസത്തില്‍ മാര്‍ക്ക് ഷീറ്റുകള്‍ അയച്ചു നല്‍കും. ആവശ്യമുള്ളവരെ എസ്‌എസ്‌എല്‍സി പരീക്ഷയുടെ മാര്‍ക്ക് അറിയിക്കാന്‍ കഴിഞ്ഞ ഓഗസ്‌റ്റില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. നിലവില്‍ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഗ്രേഡ് രീതിയിലാണ് പ്രഖ്യാപിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനും മറ്റും ഗ്രേഡ് ആണ് പരിഗണിക്കുന്നത്. ആ സംവിധാനം തുടരും. അതേ സമയം, തുടര്‍പഠനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ആവശ്യപ്പെടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. 500 രൂപ ഫീസ് ഉയര്‍ന്ന സംഖ്യയാണെന്നും ആക്ഷേപമുണ്ട്. 2006 മാര്‍ച്ചിലാണ് മാര്‍ക്ക് ഒഴിവാക്കി ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് സമ്പ്രദായം ആരംഭിച്ചത്. പരീക്ഷാ സമ്മര്‍ദ്ദം, അനാവശ്യ മത്സരം എന്നിവ ഒഴിവാക്കുന്നതിന് പുറമേ വിദ്യാര്‍ഥികളുടെ എല്ലാത്തരം കഴിവുകളെയും പരിഗണിക്കുന്നതാണ് ഗ്രേഡ് സമ്പ്രദായം.
500 രൂപ ഫീസ് ; എസ്‌എസ്‌എല്‍സി പരീക്ഷയുടെ മാര്‍ക്ക് അറിയാം
