കെ-ഡ്രാമകളിലെ ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രശസ്തയായ ദക്ഷിണ കൊറിയൻ നടി കിം സെയ് റോണിനെ (24) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ‘ലിസൻ ടു മൈ ഹാര്‍ട്ട്’, ‘ദ് ക്വീൻസ് ക്ലാസ് റൂം’, ‘ഹായ്! സ്കൂൾ-ലവ് ഓൺ’ തുടങ്ങിയ കെ–ഡ്രാമകളാണു കിമ്മിനെ പ്രശസ്തയാക്കിയത്.
കിമ്മിനെ കാണാനെത്തിയ സുഹൃത്താണു നടി മരിച്ചു കിടക്കുന്നതായി കണ്ടത്. വീട്ടിൽ ആരും അതിക്രമിച്ചു കയറിയതിന്റെയോ ശരീരത്തിൽ മർദനത്തിന്റെയോ ലക്ഷണമില്ലെന്നും മരണകാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. നടിയുടെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ സിനിമാരംഗത്തു ഞെട്ടിച്ചെന്നു ‘കൊറിയ ഹെറാൾഡ്’ റിപ്പോർട്ട് ചെയ്തു. കിമ്മിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും സമൂഹമാധ്യമങ്ങളിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
2000 ജൂലൈ 31ന് ജനിച്ച കിം ഒൻപതാം വയസ്സിൽ അഭിനയം തുടങ്ങി. ‘എ ബ്രാൻഡ് ന്യൂ ലൈഫ്’ (2009) , ‘ദ് മാൻ ഫ്രം നോവെർ’ (2010) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ കയ്യടി നേടി. ‘എ ഗേൾ അറ്റ് മൈ ഡോർ’ (2014), ‘സീക്രട്ട് ഹീലർ’ (2016) എന്നീ ടെലിവിഷൻ പരമ്പരകളിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.
2022 മേയിൽ സോളിൽ മദ്യപിച്ച് കിം വാഹനമോടിച്ചതു വലിയ ചർച്ചയായി. കേസായതോടെ കിം പരസ്യമായി മാപ്പ് പറഞ്ഞു. അഭിനയവും നിർത്തി. സാമ്പത്തികപ്രയാസം മറികടക്കാൻ പാർട് ടൈം ജോലികൾ ചെയ്തു. 2024 മേയിൽ നാടകത്തിലൂടെ അഭിനയത്തിലേക്കു തിരിച്ചുവരാൻ ശ്രമിച്ചു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം ഉപേക്ഷിച്ചു. 2023ലെ ‘ബ്ലഡ്ഹൗണ്ട്സ്’ ആണ് കിമ്മിന്റെ അവസാന ചിത്രം.
നടി കിം സെയ് റോൺ വീട്ടിൽ മരിച്ച നിലയിൽ
