നെറ്റും കോളും കുശാല്‍; 90 ദിവസ വാലിഡിറ്റിയില്‍ എതിരാളികളെ വിറപ്പിക്കുന്ന പ്ലാനുമായി ബിഎസ്എന്‍എല്‍

രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് കടുത്ത മത്സരം സമ്മാനിക്കാന്‍ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍ പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. 90 ദിവസം വാലിഡിറ്റിയുള്ള 411 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിവസവും രണ്ട് ജിബി അതിവേഗ ഡാറ്റയാണ് ഈ പ്ലാനിന്‍റെ ഹൈലൈറ്റ്. റീച്ചാര്‍ജ് ചെയ്യുമ്പോള്‍ അണ്‍ലിമിറ്റഡ് കോളും ലഭിക്കും.

മൂന്ന് മാസ കാലയളവിലേക്ക് സാമ്പത്തികമായി ഏറ്റവും മെച്ചപ്പെട്ട പ്ലാനാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അവതരിപ്പിച്ചിരിക്കുന്നത്. ഭാരതി എയര്‍ടെല്‍, വിഐ എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് തലവേദന സമ്മാനിക്കുന്ന റീച്ചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്ലിന്‍റെ 411 രൂപയുടെ പാക്ക്. 411 രൂപ മുടക്കുമ്പോള്‍ 90 ദിവസത്തേക്ക് ദിനേന രണ്ട് ജിബി വീതം അതിവേഗ ഡാറ്റ ആസ്വദിക്കാം. ഈ പരിധി കഴിഞ്ഞാല്‍ ഇന്‍റര്‍നെറ്റ് വേഗം 40 കെബിപിഎസ് ആയി കുറയും. ഇതിന് പുറമെ 90 ദിവസവും അണ്‍ലിമിറ്റഡ് വോയിസ് കോളും 411 രൂപ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഓഫര്‍ ലഭിക്കാനായി ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് വഴി റീച്ചാര്‍ജ് ചെയ്യാം. അധികം സാമ്പത്തിക ബാധ്യതയില്ലാതെ ഉപയോക്താക്കളെ സന്തോഷിപ്പിക്കാനുള്ള സമീപകാല തന്ത്രങ്ങളുടെ ഭാഗമായാണ് ഈ റീച്ചാര്‍ജ് കൂപ്പണ്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യത്ത് അതിവേഗം 4ജി വിന്യാസവുമായി മുന്നോട്ടുപോവുകയാണ് ബിഎസ്എന്‍എല്‍. ഒരു ലക്ഷം 4ജി സൈറ്റുകള്‍ ലക്ഷ്യമിടുന്ന ബിഎസ്എന്‍എല്‍ ഇവയില്‍ ഇതിനകം 65,000ത്തിലേറെ എണ്ണം പൂര്‍ത്തിയാക്കി. ഈ വര്‍ഷം മധ്യത്തോടെ ഒരു ലക്ഷം 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ തികയ്ക്കും. ഇതുവഴി രാജ്യത്ത് നെറ്റ്‌വര്‍ക്ക് കൂടുതല്‍ മെച്ചപ്പെടുത്താനും സേവനം കാര്യക്ഷമമാക്കാനും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റ‍ഡ് ലക്ഷ്യമിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights