വെല്ലൂരിൽ വനിതാ ഡോക്ടർ കൂട്ടബലാൽസംഗത്തിനിരയായ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിക്ക് 20 വർഷം തടവും 23,000 രൂപ പിഴയും ശിക്ഷ. 2022 മാർച്ചിൽ നടന്ന കേസിലാണു 17 വയസ്സുകാരനെ വെല്ലൂർ പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. കേസിലെ മറ്റു 4 പ്രതികൾക്ക് കഴിഞ്ഞ ജനുവരിയിൽ 20 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.
ബിഹാർ സ്വദേശിനിയായ ഡോക്ടറും മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയായ സഹപ്രവർത്തകനും കാട്പാടിയിൽ സിനിമ കണ്ട് ഷെയർ ഓട്ടോയിൽ മടങ്ങിയപ്പോഴായിരുന്നു അതിക്രമം. ഓട്ടോയിലുണ്ടായിരുന്ന മറ്റ് 4 പേരും ഡ്രൈവറും ചേർന്ന് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു. തുടർന്ന് യുവതിയെ പീഡിപ്പിച്ചു.
40,000 രൂപയും രണ്ട് പവൻ സ്വർണാഭരണവും പ്രതികൾ കവർന്നു. ബിഹാറിലേക്കു മടങ്ങിയ യുവതി വെല്ലൂർ എസ്പിക്ക് ഓൺലൈനായി നൽകിയ പരാതിയിലാണു പ്രതികളെ പിടികൂടിയത്. മോഷണ വസ്തുക്കളും കണ്ടെടുത്തു.
ഡോക്ടറെ പീഡിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത പ്രതിക്ക് 20 വർഷം തടവും പിഴയും
