രാജ്യത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സോളാർ പാനല്‍ വയ്ക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർദ്ധനയാണ് ഉണ്ടായത്.സംസ്ഥാനത്ത് 2019ല്‍ തുടക്കമിട്ട സൗര പുരപ്പുറ സോളാർ പദ്ധതി രണ്ടും കയ്യും നീട്ടിയാണ് ജനങ്ങള്‍ സ്വീകരിച്ചത്. കേരളത്തിന്റെ ഈ മാതൃക ദേശീയതലത്തില്‍ ശ്രദ്ധ നേടിയതോടെയാണ് പ്രധാനമന്ത്രി സൂര്യഘർ പദ്ധതി എന്ന പേരില്‍ ഒരു കോടി വീടുകളില്‍ പുരപ്പുറ സോളാർ എന്ന വിപ്ലവത്തിന് വഴിയൊരുക്കിയത്.
ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ പദ്ധതിക്ക് വൻ സ്വീകാര്യത ലഭിച്ചു.ഇപ്പോഴിതാ പ്രധാനമന്ത്രി സൂര്യഘർ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് സബ്സിഡികള്‍ ലഭിക്കുന്നതിന് ഇനി മേല്‍ക്കൂരകളില്‍ സോളാർ പാനലുകള്‍ സ്ഥാപക്കേണ്ടതില്ല. ഓടിട്ട വീടുകളിലും അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങളിലും താമസിക്കുന്നവർക്ക് ഇനി പ്ലാന്റുകള്‍ നിലത്തും സ്ഥാപിക്കാം. ഇങ്ങനെ സ്ഥാപിക്കുന്നവർക്ക് കേന്ദ്ര സബ്സിഡി ലഭിക്കാൻ തടസമില്ലെന്ന് കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം അറിയിച്ചു. നേരത്തെ പുരപ്പുറം, ടെറസ്, ബാല്‍ക്കണി എന്നിവിടങ്ങളില്‍ പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് മാത്രമാണ് സബ്സിഡി അനുവദിച്ചിരുന്നത്.
കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം പുറത്തുവന്നതോടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലെ മേല്‍ക്കൂരയുടെ ഘടനയിലെ പ്രത്യേകത കാരണം പ്ലാന്റ് സ്ഥാപിക്കാൻ കഴിയാത്തവർക്ക് ഏറെ ഗുണം ചെയ്യും. ഒരു കോടി വീടുകളില്‍ പുരപ്പുറ സോളാർ പ്ലാന്റ് സ്ഥാപിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ ഒരു കിലോ വാട്ട് വൈദ്യുതിക്കുള്ള പദ്ധതിക്ക് 30,000 രൂപയും രണ്ട് കിലോ വാട്ടിന് 60,000 രൂപയും മൂന്ന് കിലോ വാട്ടിന് 78,000 രൂപയുമാണ് സബ്സിഡിയായി ലഭിക്കുന്നത്.
അപ്പാർട്ടുമെന്റിലുള്ളവർക്കും സോളാർപാനല്‍പുതിയ തീരുമാനം പുറത്തുവന്നതോടെ അപ്പാർട്ട് സമുച്ചയങ്ങളില്‍ താമസിക്കുന്നവർക്കും സോളാർ പ്ലാന്റുകള്‍ സ്ഥാപിക്കാൻ സാധിക്കും. ഇവിടങ്ങളില്‍ താമസിക്കുന്നവർക്ക് ഒരു നിശ്ചിത സ്ഥലത്ത് കമ്മ്യൂണിറ്റി സോളാർ പ്ലാന്റ് സ്ഥാപിക്കാൻ സാധിക്കും. ഒരു സോളാർ പ്ലാന്റില്‍ നിന്ന് ഗ്രിഡിലേക്ക് പോകുന്ന വൈദ്യുതിക്ക് ആനുപാതികമായി ഒന്നിലേറെ ഉപയോക്താക്കള്‍ക്ക് അവരവരുടെ ബില്ലില്‍ ഇളവ് നല്‍കാൻ വെർച്വല്‍ നെറ്റ് മീറ്ററിംഗ് രീതിയായിരിക്കും അവലംബിക്കുക.
ദേശീയ തലത്തില്‍ ഒന്നാമത് കേരളം
രണ്ടുവർഷത്തിനിടെ പുരപ്പുറ സോളാറില്‍ രാജ്യത്ത് ഏറ്റവും മുന്നിലെത്തിയത് കേരളമാണ്. 99.97 ശതമാനം വളർച്ച. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത് (75.26 ശതമാനം). മൂന്നാം സ്ഥാനത്ത് ഗുജറാത്ത് (60 ശതമാനം). കേരളത്തില്‍ 2022ല്‍ 51,300 വീടുകളിലാണ് പുരപ്പുറ സോളാർ ഉണ്ടായിരുന്നത്. 2024ല്‍ ഇത് 1.52 ലക്ഷമായി വർദ്ധിച്ചു. സംസ്ഥാനത്തെ പകല്‍ വൈദ്യുതി ഉപഭോഗത്തിന്റെ 22ശതമാനവും പുരപ്പുറ സോളാറില്‍ നിന്നാണ് കണ്ടെത്തുന്നത്. നിലവില്‍ 2.52ലക്ഷം അപേക്ഷകളാണ് സൂര്യഘർ പദ്ധതിക്ക് സംസ്ഥാനത്തുള്ളത്.
ആ നിബന്ധനയും നീക്കി കേന്ദ്രസർക്കാർ; സബ്സിഡിയുടെ സോളാർ പാനൽ വെക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത
