കടുത്ത ഉഷ്ണം കാരണം ഇന്ത്യക്കാർ പൊറുതിമുട്ടിയിരിക്കുകയാണ്. സാധാരണയായി ലഭിക്കാറുളള വൈദ്യുതി ബില്ലിനേക്കാള്‍ ഭീമമായ തുകയായിരിക്കും കഴിഞ്ഞ കുറച്ച് മാസങ്ങളായി പലരും അടച്ചുക്കൊണ്ടിരിക്കുന്നത്.എയർകണ്ടീഷണറുകള്‍, കൂളറുകള്‍, ഫാനുകള്‍ തുടങ്ങിയവ മുഴുവൻ സമയവും പ്രവർത്തിപ്പിക്കുന്നത് കൊണ്ടാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
അപ്പോള്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുളള രണ്ടാമത്തെ ആഡംബര വസതിയായ ആന്റിലിയയിലെ വൈദ്യുതി ബില്ല് എത്രയാണെന്ന് ഊഹിക്കാനാകുമോ?റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്ന മുംബയിലെ ആഡംബര വസതിയാണ് ആന്റിലിയ. 27 നിലകളിലായി ഉയർന്നുനില്‍ക്കുന്ന ആന്റിലിയയില്‍ ഹെലിപാടുകളും ഒരേസമയം 50 പേർക്ക് ഇരിക്കാവുന്ന തീയേറ്റർ സൗകര്യവും ഉണ്ട്. 2010ല്‍ രണ്ട് ബില്യണ്‍ ഡോളർ ചെലവഴിച്ചാണ് ആന്റിലിയ പൂർത്തിയാക്കിയത്. വർഷമിത്ര കഴിഞ്ഞിട്ടും ഈ നിർമിതിയുടെ മൂല്യം ഇടിഞ്ഞിട്ടില്ല. പകരം കുത്തനെ ഉയരുകയാണ് ചെയ്തത്. ഇപ്പോള്‍ 4.6 ബില്യണ്‍ ഡോളറാണ് ആന്റിലിയ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ മൂല്യം.
അത്യാധുനിക സൗകര്യങ്ങളടങ്ങിയ നിർമിതി പണി കഴിപ്പിക്കാൻ വർഷങ്ങളെടുത്തു. ആന്റിലിയയില്‍ ആദ്യമായി വന്ന വൈദ്യുതി ബില്ല് എത്രയാണെന്ന് ആദ്യവർഷങ്ങളില്‍ ഏറെ ചർച്ചയായതായിരുന്നു. ഇപ്പോഴിതാ ആ തുക വീണ്ടും ചർച്ചയായിരിക്കുകയാണ്. അംബാനിയും കുടുംബവും ആന്റിലിയയിലേക്ക് താമസം മാറിയ ആദ്യമാസം 6,37,240 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ആ മാസത്തെ ആന്റിലിയയില്‍ 70,69,488 ലക്ഷം രൂപയുടെ വൈദ്യുതി ബില്ല് വന്നിട്ടുണ്ടെന്നാണ് വിവരം. വർഷങ്ങള്‍ക്ക് മുൻപ് ഇത്രയും ഭീമമായ തുകയാണ് വൈദ്യുതി ബില്ലായി വന്നതെങ്കില്‍ ഇപ്പോഴത്തെ അവസ്ഥ പറയേണ്ടതില്ലല്ലോയെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം
അംബാനിയുടെ ആഡംബര വസതി; ആന്റിലയിലെ കരണ്ട് ബിൽ എത്രയാണെന്ന് അറിയാമോ?
