ഇന്ത്യൻ പാർലമെൻ്റിൻ്റെ അധോസഭയായ ലോക്സഭയില്‍ ചർച്ച ചെയ്യപ്പെടുന്ന വഖഫ് (ഭേദഗതി) ബില്‍, മുമ്ബ് മുസ്ലീം സമൂഹത്തിന് പുറത്ത് അധികം ചർച്ച ചെയ്യപ്പെടാതിരുന്ന ഈ സ്ഥാപനത്തെക്കുറിച്ച് പൊതുവായി ജിജ്ഞാസ വർദ്ധിപ്പിച്ചിട്ടുണ്ട്. വഖഫ് എന്താണെന്നും ഏതെല്ലാം തരത്തിൽ വഖഫുകൾ ഉണ്ട് എന്നും വക്കഫിന് കീഴിലുള്ള സ്വത്തുക്കളും അവയിൽനിന്നുള്ള വരുമാനവും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും വിശദമാക്കുന്ന ലേഖനം ചുവടെ വായിക്കാം
എന്താണ് വഖഫ്?
ഇസ്ലാമിക നിയമത്തില്‍, വഖഫ് എന്നത് ദൈവത്തിന്റേതാണെന്ന് കരുതുന്ന സ്വത്താണ്. സ്ഥാവര ജംഗമ വസ്തുക്കള്‍ മതപരമോ പൊതുവായതോ ആയ കാര്യങ്ങള്‍ക്കായി സ്ഥിരമായി മാറ്റിവെക്കുന്നതിനെയാണ് വഖഫ് എന്ന് പറയുന്നത്. ഇങ്ങനെ മാറ്റിവെക്കുന്ന സ്വത്തുക്കള്‍ പിന്നീട് കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ സാധിക്കില്ല. തലമുറകളിലൂടെ ഈ സ്വത്തുക്കള്‍ അവയുടെ ലക്ഷ്യത്തിനായി നിലനില്‍ക്കുന്നു. പള്ളികള്‍, മദ്രസകള്‍, അഗതി മന്ദിരങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു കുടിവെള്ള സൗകര്യങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ക്കായി വഖഫ് സ്വത്തുക്കള്‍ ഉപയോഗിക്കപ്പെടുന്നു. വഖഫ് എന്നാല്‍ ചില സ്വത്തുക്കളുടെ ഉടമസ്ഥാവകാശം ഏറ്റെടുത്ത് അവ മതപരമായ ആവശ്യങ്ങള്‍ക്കോ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കുക എന്നതാണ് ഇതിൻ്റെ ആശയം. വഖഫിന് കീഴില്‍ വരുന്ന സ്വത്തുക്കളില്‍ പണം, ഭൂമി, കെട്ടിടങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടാം. വഖഫിന് കീഴിലുള്ള സ്വത്തുക്കള്‍ ശാശ്വതമായി മതപരമോ ജീവകാരുണ്യപരമോ ആയ കാര്യങ്ങള്‍ക്കായി സമർപ്പിക്കപ്പെടുന്നു. ഈ സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം പള്ളികള്‍, ഖബ്റുകള്‍, ആശുപത്രികള്‍ അല്ലെങ്കില്‍ ജീവകാരുണ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് നിർമ്മാണത്തിനും പരിപാലനത്തിനും ഉപയോഗിക്കണം. ഇത് മാനുഷികപരമായ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.
വഖഫ് എന്ന അറബി പദത്തിൻ്റെ അർത്ഥം’വഖഫ്’ എന്ന അറബി വാക്കിന് അക്ഷരാർത്ഥത്തില്‍ തടഞ്ഞുവയ്ക്കുക, പിടിച്ചുനിർത്തുക അല്ലെങ്കില്‍ ബന്ധിപ്പിക്കുക എന്നെല്ലാമാണ് അർത്ഥം. അതിനാല്‍, ഈ സ്വത്ത് ശാശ്വതമായി ദൈവത്തിന് (അല്ലാഹുവിന്) ബന്ധിപ്പിച്ചിരിക്കുന്നുവെന്നും അതിനാല്‍ അത് കൈമാറ്റം ചെയ്യാൻ കഴിയില്ലെന്നും കണക്കാക്കപ്പെടുന്നു. ആളുകള്‍ക്ക് അവരുടെ ആസ്തികളോ സ്വത്തുക്കളോ മതപരമോ സാമൂഹികമോ ആയ ആവശ്യങ്ങള്‍ക്കായി വഖഫ് ചെയ്യാവുന്നതാണ്.
ആരാണ് വാഖിഫ്?
മതപരമായ ആവശ്യങ്ങള്‍ക്കായി സ്വത്ത് സമർപ്പിച്ച വ്യക്തിയാണ് വാഖിഫ്. വാഖഫ് എന്നത് ‘സദഖ ജാരിയ’യുടെ ഭാഗമാണ്. മരണശേഷവും വാഖിഫിൻ്റെ പ്രയോജനങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, ഇസ്ലാമിക സങ്കല്‍പ്പത്തില്‍ ഇത് നിലനില്‍ക്കുന്ന അല്ലെങ്കില്‍ ശാശ്വതമായ ദാനധർമ്മമായി കണക്കാക്കപ്പെടുന്നു. വഖഫ് ചെയ്യുന്ന വ്യക്തി (വാഖിഫ്), വഖഫിൻ്റെ ലക്ഷ്യങ്ങള്‍, നടത്തിപ്പുകാർ (മുത്തവല്ലി) എന്നിവയെല്ലാം വഖഫ് രേഖയില്‍ വ്യക്തമാക്കണം.
വഖഫിൻ്റെ പ്രധാന ഇനങ്ങള്‍:
പ്രധാനമായി മൂന്ന് തരത്തിലുള്ള വഖഫുകളുണ്ട്. ‘ഖൈരി വഖഫ്’ എന്നത് പൊതുജനങ്ങളുടെ ഉപകാരത്തിനായി ഉപയോഗിക്കുന്ന സ്കൂളുകള്‍, പള്ളികള്‍, ആശുപത്രികള്‍ തുടങ്ങിയ സ്വത്തുക്കളാണ്. ‘അല്‍-ഔലാദ് വഖഫ്’ എന്നത് ഒരാളുടെ പിൻഗാമികള്‍ക്ക്
പ്രയോജനകരമാകുന്ന ഒരു വ്യവസ്ഥയോടെയാണിത് ചെയ്യുന്നത്. മൂന്നാമത്തെ ഇനം ‘മുഷ്തറക് വഖഫ്’ ആണ്, ഇത് ഖൈരി വഖഫിൻ്റെയും അല്‍-ഔലാദ് വഖഫിൻ്റെയും ഒരു സംയോജനമാണ്. ഇസ്ലാമിക നിയമമായ ‘ശരീഅത്ത്’ അനുസരിച്ച്, പല രാജ്യങ്ങളിലും വഖഫിനെ പ്രത്യേക ഭരണപരമായ കാര്യങ്ങള്‍ക്ക് കീഴിലാണുള്ളത്.
വഖഫ് ബോർഡുകളുടെ പങ്ക്:
മുസ്ലീം സമൂഹങ്ങളിലെ മതപരവും വിദ്യാഭ്യാസപരവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വഖഫ് ബോർഡുകള്‍ക്കും സമാന സ്ഥാപനങ്ങള്‍ക്കും സുപ്രധാന പങ്കുണ്ട്. ഈ സ്വത്തുക്കള്‍ വരുമാനം ഉണ്ടാക്കുന്നു, അത് വഖഫ് ബോർഡുകള്‍ സമൂഹം, അതിൻ്റെ സാമ്ബത്തികവും സാമൂഹികവുമായ ഉന്നമനം എന്നിവയ്ക്ക് വേണ്ടി ഉപയോഗിക്കണം. വഖഫ് സ്വത്തുക്കളും എൻഡോവ്മെൻ്റുകളും പള്ളികള്‍, സ്കൂളുകള്‍, കോളേജുകള്‍, മതപരമായ ഖബ്റുകള്‍ അല്ലെങ്കില്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ നിർമ്മാണത്തിനും പരിപാലനത്തിനും ഉപയോഗിക്കുന്നു. വഖഫ് ആസ്തികളില്‍ നിന്നുള്ള വരുമാനം ഇസ്ലാമിക മത സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനോ ജീവകാരുണ്യപരമായ അല്ലെങ്കില്‍ മാനുഷിക സഹായം നല്‍കുന്നതിനോ ഉപയോഗിക്കാം.