ഇന്നും നാളെയും സംസ്ഥാനത്ത് അതിതീവ്രമഴ; 14 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്രമഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും മലയോര മേഖലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ടുമാണ്അതേസമയം, തൃശ്ശൂരിൽ ശക്തമായ തോരാമഴയിൽ വീടുകളിൽ വെള്ളം കയറി. നഗരപ്രദേശങ്ങളിലും ഗ്രാമമേഖലയിലും നിരവധി വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ചേലക്കര ആറ്റൂരിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അസുരൻകുണ്ട് മലനിരകളിൽ നിന്നാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്.

രാവിലെ ഏഴുമണിക്ക് തുടങ്ങിയ മണിക്കൂറുകൾ നീണ്ട മഴ തീരാദുരിതം ആണ് തൃശ്ശൂരിൽ സൃഷ്ടിച്ചത്. അശ്വനി ആശുപത്രിക്ക് സമീപം നിരവധി വീടുകളിൽ വെള്ളം കയറി. പിന്നീട് പോലീസ് എത്തി ആളുകളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു.

രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയിൽ എറണാകുളം ജില്ലയിൽ ഒട്ടുമിക്ക ഇടങ്ങളിലും വെള്ളം കയറി . പേട്ട താമരശ്ശേരി റോഡിൽ ഗൂഗിൾ മാപ്പ് നോക്കി വന്ന കാറ് തോട്ടിൽ വീണു. ഓൺലൈൻ ടാക്സിയാണ്‌ വെള്ളത്തിൽ വീണത്. തോടും കരയും തിരിച്ചറിയാൻ ആകാത്ത വിധം വെള്ളം കയറിയതാണ് അപകടത്തിന് കാരണം. മണിക്കൂറുകൾ നീണ്ട നാട്ടുകാരുടെ ശ്രമഫലമായാണ് കാർ കരക്കുകയറ്റിയത്.കൃത്യമായ സൈൻ ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്നും നാട്ടുകാർ പറഞ്ഞു.

അതേസമയം, പാലക്കാട് ശക്തമായ മഴയിൽ അട്ടപ്പാടി ചുരത്തിൽ മുക്കാലി,മന്ദംപൊട്ടി-മേഖലയിൽ മഴ വെള്ളത്തോടൊപ്പം കല്ലും മണ്ണും റോഡിലേക്ക് ഒഴുകിയത് ഗതാഗതം തടസ്സപ്പെട്ടു. കുന്തിപ്പുഴ ,നെല്ലിപ്പുഴ എന്നി പുഴകളിൽ ജല നിരപ്പ് ഉയർന്നു. അലനല്ലൂർ ,എടത്തനാട്ടുകര- ക്രോസ് വെയിൽ വെള്ളം കയറി. ഇടുക്കി ജില്ലയിലെ ജല, സാഹസിക വിനോദങ്ങൾക്കും ഓഫ് റോഡ് ട്രക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്തി..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights