കേരളത്തിൻ്റെ അഭിമാനം; ജി.വി രാജ സ്പോർട്സ് സ്കൂൾ തുടങ്ങിയിട്ട് 50 വർഷം

രാജ്യാന്തര കായിക മേളകളിൽ കേരളത്തിൻ്റെ പ്രാതിനിധ്യം കുറയുന്നു. ദേശീയ കായിക രംഗത്ത് ഇതര സംസ്ഥാനങ്ങള്‍ കുതിക്കുമ്പോള്‍ കേരളം കിതയ്ക്കുന്നു. അത് ഇന്നത്തെ അവസ്ഥ. പക്ഷേ, 1980കളിലും 90 കളിലും ദേശീയ, രാജ്യാന്തര കായികവേദികളില്‍ മലയാളി താരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അത്ലറ്റിക്സിൻ്റെ അക്ഷയഖനിയായി കേരളം എണ്ണപ്പെട്ടു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ വരെ കുതിപ്പ് തുടര്‍ന്നു.കാല്‍ നൂറ്റാണ്ടിലേറെ നീണ്ട ആ കുതിപ്പിന് കാരണമായത് 1970 കളില്‍ നടപ്പിലായൊരു കായിക വിപ്ലവ പദ്ധതിയാണ്. അതിൻ്റെ അടയാളമായ ജി.വി.രാജാ സ്പോർട്സ് സ്കൂൾ തുടങ്ങിയിട്ട് 50 വർഷം തികഞ്ഞു.ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യർ ചെയര്‍മാനും മുന്‍ ഡി.ജി.പി. എം.കെ. ജോസഫ് സെക്രട്ടറിയുമായി 1970 ല്‍ രൂപവല്‍ക്കരിച്ച സ്‌പോര്‍ട്‌സ് വികസന കമ്മിഷന്‍ ആണ് കായിക വിപ്ലവത്തിനു തിരികൊളുത്തിയത്. ഈ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം 1975 ല്‍ തിരുവനന്തപുരത്ത് ആരംഭിച്ചതാണ് ജി.വി. രാജാ സ്‌പോര്‍ട്‌സ് സ്‌കൂൾ. കേരളത്തിൻ്റെ അഭിമാനമായ ജി.വി.രാജാ സ്കൂൾ സുവര്‍ണ ജൂബിലി നിറവില്‍ നില്‍ക്കെ ആദ്യ മൂന്നു ബാച്ചിലെ താരങ്ങളുടെ സംഘടന തങ്ങളുടെ വാര്‍ഷികം ഇക്കുറി ശ്രദ്ധേയമാക്കാന്‍ ഒരുങ്ങുന്നു.രാജ്യാന്തര വോളിബോള്‍ താരവും കേരള സ്പോർട്‌സ് കൗൺസിൽ മുൻ സെക്രട്ടറിയുമായ അബ്ദുൽ റസാഖ് പ്രസിഡന്റായ ജി.വി. രാജാ സ്‌പോര്‍ട്‌സ് സ്‌ക്കൂള്‍ അലംനി അസോസിയേഷന്‍ അഞ്ചാം വാര്‍ഷികത്തോടൊപ്പം സുവര്‍ണ ജൂബിലി ആഘോഷവും നടത്തുന്നു. ഈ മാസം 13,14 തീയതികളില്‍ തൊടുപുഴ കരിങ്കുന്നം തോട്ടുങ്കല്‍ ഹില്‍ടോപ് റിസോര്‍ട്ടില്‍ നടക്കുന്ന ആഘോഷം രാജ്യാന്തര ബാഡ്മിന്റന്‍ താരം ജോര്‍ജ് തോമസ് ഉദ്ഘാടനം ചെയ്യും. എസ്. കുമാറാണ് സംഘടനയുടെ സെക്രട്ടറി. എ.ആര്‍. മുഹമ്മദ് റാഫി ട്രഷററും. കുമാറും റാഫിയും ഫുട്ബോൾ താരങ്ങളായി ശ്രദ്ധിക്കപ്പെട്ടവരാണ്. 1975 ജൂലൈയില്‍ ആണ് ജി.വി.രാജാ സ്‌പോര്‍ട്‌സ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്. ഔദ്യോഗിക ഉദ്ഘാടനം ഓഗസ്റ്റ് 11ന് അന്നത്തെ കേരളാ ഗവര്‍ണ്ണര്‍ എന്‍.എന്‍. വാഞ്ചു നിർവഹിച്ചു. ആദ്യ ബാച്ചില്‍ 60 ആണ്‍കുട്ടികളും 40 പെണ്‍കുട്ടികളും ഉണ്ടായിരുന്നു. പെൺകുട്ടികൾ ചേർന്നത് ഒരു വർഷം വൈകി 1976 ൽ ആണ്.കേരളത്തിൽ നിന്ന് ആകെ 30 പെൺകുട്ടികൾക്കാണ് സെലക്ഷൻ കിട്ടിയത്.അവർ മറ്റു സ്കുളുകളിൽ ചേർന്ന് ഏതാനും മാസം കഴിഞ്ഞാണ് ജി.വി.രാജയിൽ പെൺകുട്ടികളെ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights