അച്ചൂട്ടിയെ സ്‌നേഹിച്ചും വെറുത്തും കൂടുതല്‍ അനശ്വരനാക്കിയ കൊച്ചുരാമന്‍; മുരളിയുടെ അസാധ്യ പ്രകടനം ഒരിക്കല്‍ കൂടി തീയേറ്ററുകളില്‍

അമരത്തിലെ അച്ചൂട്ടിയില്‍ മമ്മൂട്ടിയില്ല 100 ശതമാനം അച്ചൂട്ടിയേയുള്ളൂ എന്ന് സമ്മതിച്ച് കൊടുക്കേണ്ടി വരുന്നതിന് ഒരു കാരണം വളരെ ‘റോ’ (Raw) ആയി ആ കഥാപാത്രത്തെ അങ്ങ് അഭിനയിച്ച് അഴിച്ച് വിട്ടിരിക്കുന്നു എന്നതാണ്. ഭാഷ, ശരീരചലനങ്ങള്‍, വികാരപ്രകടനങ്ങള്‍, ഒക്കെ ഒട്ടും പോളിഷ് ചെയ്യാതെ അച്ചൂട്ടിയിലേക്ക് അഴിച്ച് വിടുകയാണ്. നിങ്ങള്‍ ആ അച്ചൂട്ടിയുടെ തീരെ പോളിഷ് ചെയ്യാത്ത, ജീവിതം പോലെ തോന്നിക്കുന്ന സ്വാഭാവിക അഭിനയത്തിന്റെ ആരാധകനായെങ്കില്‍ ഉറപ്പായും നിങ്ങള്‍ കൊച്ചുരാമന്റേയും ഫാനായിട്ടുണ്ടാകും. മുരളിയിലൂടെ കൊച്ചുരാമന്റെ ഭാഷയും വേദനയും അപമാനവും രോഷവും നൈസര്‍ഗികമായി ഒഴുകുന്നത് നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെങ്കില്‍, മുരളിയെന്ന മുത്ത് പോലൊരു അഭിനേതാവിന്റെ പ്രകടനം നിങ്ങള്‍ മിസ്സ് ചെയ്‌തെങ്കില്‍, അത് വീണ്ടും വീണ്ടും കണ്ട് പഠിക്കണമെന്നുണ്ടെങ്കില്‍ 4K ദൃശ്യമികവില്‍ ഇന്ത്യയെമ്പാടും റീറിലീസ് ചെയ്യുന്ന അമരം നിങ്ങള്‍ കാണണം.രണ്ട് മനുഷ്യര്‍ തമ്മിലുള്ള, രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം സ്‌ക്രീനില്‍ കാണുമ്പോള്‍ ആ സിനിമാ സന്ദര്‍ഭങ്ങളുടെ യഥാര്‍ഥ പിരിമുറുക്കം, ത്രില്ല്, വികാരതീവ്രത, എംപതി, വീറ് ഇവയൊക്കെ കാണുന്നവരുടെ ഉള്ളില്‍ കയറാന്‍ അയ്യപ്പനും കോശിയിലുമൊക്കെ നമ്മള്‍ കണ്ടിട്ടുള്ള ഒരു തന്ത്രമുണ്ട്. സംഘര്‍ഷത്തിനടിയിലും ഇരുമനുഷ്യര്‍ക്കും ഇടയിലുള്ള സ്‌നേഹത്തിന്റെ ഒരു ലെയര്‍. തനിക്കൊത്ത വില്ലന്റെ സ്‌നേഹത്താലും വെറുപ്പാലും രൂപപ്പെടുന്ന നായകന്‍. നായകന്‍ ഊതിക്കാച്ചിയെടുത്ത വില്ലന്‍. അമരത്തില്‍ അങ്ങനെയൊരു മംഗലശ്ശേരി നീലകണ്ഠന്‍- മുണ്ടക്കല്‍ ശേഖരന്‍ വില്ലന്‍-നായകന്‍ ദ്വന്ദമൊന്നുമില്ലെങ്കിലും അവരുടെ സംഘര്‍ഷത്തിന്റെ പിരിമുറുക്കം നമ്മുക്ക് അമരത്തില്‍ അനുഭവിക്കാനാകും. തെറ്റിദ്ധാരണകളും ദുരഭിമാനവും വാശിയും കൊണ്ട് അകന്നും മത്സരിച്ചും കുത്തിനോവിച്ചും ജീവിക്കുന്ന, ഉള്ളിനുള്ളില്‍ സ്‌നേഹത്താലും സൗഹൃദത്താലും ബന്ധിതരായ രണ്ട് ഒത്ത പുരുഷന്മാരെ നമ്മുക്ക് അമരത്തിലും കാണാം. സ്‌നേഹിച്ച് വെറുക്കുന്ന ഇത്തരം പുരുഷന്മാരെ സിനിമയില്‍ പിന്നീട് നമ്മള്‍ പലപ്പോഴും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും അച്ചൂട്ടിയും കൊച്ചുരാമനും അതിന്റെ ഗോട്ട് (G.O.A.T) എന്ന് പറയാം. കാരണം അച്ചൂട്ടിയുടേയും കൊച്ചുരാമന്റേയും സംഘര്‍ഷത്തിന് രണ്ടോ മൂന്നോ നാലോ ലെയറുകളുണ്ട്. തന്റെ ബൃഹത്തായ കരിയറിലെ മികച്ചതില്‍ ഒന്നായ പ്രകടനം മമ്മൂട്ടി അച്ചൂട്ടിയ്ക്കായി നല്‍കിയെങ്കില്‍ അതിനെ മറുവശത്തുനിന്ന് ബാലന്‍സ് ചെയ്തത്, അച്ചൂട്ടിയുടെ ഒറ്റപ്പെടലിനേയും ഹൃദയവേദനയേയും വലുതാക്കി അനുഭവിപ്പിച്ചത് മലയാളം കണ്ട ഏറ്റവും മികച്ച നടന്മാരിലൊരാളായ മുരളിയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights