
വയനാട് : പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗം ഉൾപ്പെടുന്ന വയനാട് ജില്ലയ്ക്ക് ഇനിമുതൽ തനത് സ്പീഷീസുകൾ.
സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, ജില്ലാ പഞ്ചായത്ത്, ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റിയും, ജില്ലാ ആസൂത്രണ സമിതിയും ചേർന്നാണ് തനത് സ്പീഷീസുകളെ പ്രഖ്യാപിച്ചത്.
ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്രശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം, തവള എന്നിവയാണ് തനത് സ്പീഷീസുകൾ.
ഉയരം കൂടിയ വനപ്രദേശത്ത് വസിക്കുന്ന ബാണാസുര ചിലപ്പൻ ജില്ലയുടെ പക്ഷിയായും, മരങ്ങളിൽ വസിക്കുന്ന തേങ്കോലനെ ജില്ലയുടെ മൃഗമായും പ്രഖ്യാപിച്ചു. ഇവയെ വളരെ അപൂർവമായി മാത്രമേ കാടുകളിൽ കാണാറുള്ളൂ.
800 മുതൽ 1500 മീറ്റർ വരെ ഉയരത്തിൽ വളരുന്ന കാട്ടുചാമ്പയെ ജില്ലയുടെ വൃക്ഷമായും പൂക്കോടൻ തടാകത്തിലെ അപൂർവ്വ മത്സ്യ ഇനമായ പൂക്കോടൻ പരൽ ജില്ലയുടെ മത്സ്യമായും കരിനീല കുറുവയെ ജില്ലയുടെ ചിത്രശലഭമായും വനങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കായാമ്പൂവിനെ ജില്ലയുടെ പുഷ്പമായും പ്രഖ്യാപിച്ചു.
ചെങ്കുരപ്പനെന്ന വിഷമില്ലാത്ത പാമ്പാണ് ജില്ലയുടെ പാമ്പ്, തീ കറുപ്പൻ എന്ന തുമ്പി ജില്ലയുടെ തുമ്പിയായും പൈതൃക മരമായി പന്തപ്പയിനും, തവളയായി കാപ്പിത്തോട്ടങ്ങളിലെ മഞ്ഞക്കരയൻ മരത്തവളയെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയെല്ലാം ഇനി വയനാടിന് സ്വന്തമായ സ്പീഷീസുകളാണ്.






