പുൽപ്പള്ളി: കുരുമുളക് കേരളത്തിൻറെ സ്വകാര്യ അഹങ്കാരമായി മാറിയിട്ട് പതിറ്റാണ്ടുകൾ ഏറെ കഴിഞ്ഞിരിക്കുന്നു. കുരുമുളകിന് ഇപ്പോൾ വിലയുണ്ടെങ്കിലും കുരുമുളക് ഉത്പാദനത്തിലെ ഇടിവ് ആശങ്കയുണർത്തുന്ന ഒരു ഘടകമാണ്. ആന്ത്രാക്നോസ്, പാദ ചീയൽ, സ്റ്റണ്ട് രോഗം തുടങ്ങിയ വ്യത്യസ്ത രോഗങ്ങളും കാലാവസ്ഥാ വ്യത്യായനത്തിലെ മാറ്റങ്ങളും കുരുമുളക് കൃഷിയുടെ ഉൽപ്പാദനം ഗണ്യമായി കുറയ്ക്കുന്നു.
വിറ്റാമിന്‍ സി അടങ്ങിയ കുരുമുളക് ഭക്ഷണത്തിൻ്റെ സ്വാദ് വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല ഉപയോഗിക്കുന്നത്. കുരുമുളകിൻ്റെ ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി പദാർത്ഥങ്ങൾ ശരീരത്തിന്റെ അണുബാധ തടയാൻ സഹായിക്കുന്നു. കുരുമുളക് ദഹനത്തിനും ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനും മറ്റ് ദഹനനാള രോഗങ്ങളിൽ നിന്ന് രക്ഷ നേടാനും സഹായിക്കുന്നു.
ഉൽപ്പാദനത്തിലെ കുറവ് മറ്റു കൃഷികളിലേക്ക് വ്യതിചലിക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും കറുത്ത പൊന്നിനെ വിട്ടുകളയാൻ കർഷകർ തയ്യാറല്ല. കുരുമുളക് സംരക്ഷണത്തിനായി ന്യൂതന കൃഷിരീതിയെ ആശ്രയിക്കുകയാണ് കർഷകർ ഇപ്പോള്‍. ഈ വർഷത്തെ മഴയുടെ ലഭ്യത കൂടുതൽ കുരുമുളകിൻ്റെ ലഭ്യതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയായനം കർഷകരിൽ പ്രതിസന്ധിയും ആശങ്കയും ഒരു പോലെ സൃഷ്ടിക്കുകയാണ്. ഈ അവസ്ഥ ഇതുപോലെ തുടർന്നാൽ കറുത്തപൊന്ന് കിട്ടാ പൊന്നാകുമോ എന്ന ആശങ്കയും കർഷകർ പങ്കുവെക്കുന്നു.


