കൊച്ചി : എറണാകുളം ജില്ലയിലെ തിരുവാങ്കുളത്ത് ക്വാറിയില്‍ വിദ്യാര്‍ത്ഥിനി ആദിത്യ (16) യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതം. കൊറിയന്‍ സുഹൃത്തിന്റെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നു എന്ന ആദിത്യയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. കൊറിയന്‍ സുഹൃത്ത് എന്ന പേരില്‍ മറ്റാരെങ്കിലും ആദിത്യയെ കബളിപ്പിച്ചിരുന്നോ എന്ന സംശയവും പൊലീസിനുണ്ട്.
ആദിത്യയുടെ ഫോണ്‍ ലോക്ക് ചെയ്ത നിലയിലാണ്. ലോക്ക് തുറന്നു ഫോണ്‍ വിശദമായി പരിശോധിക്കുന്നതിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്ന് ചോറ്റാനിക്കര പൊലീസ് സൂചിപ്പിച്ചു. സംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൊറിയന്‍ സുഹൃത്ത് ഒരാഴ്ച മുമ്പ് അപകടത്തില്‍ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവന്‍ വെടിയുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്.
കുട്ടിയുടെ ബാഗില്‍ ഉണ്ടായിരുന്ന ബുക്കില്‍നിന്ന് ലഭിച്ച ഇംഗ്ലീഷില്‍ എഴുതിയ മൂന്നു പേജ് വരുന്ന കുറിപ്പിലാണ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിനെ കുറിച്ചും സുഹൃത്ത് ദിവസങ്ങള്‍ക്കു മുന്‍പ് മരിച്ചതിനെ കുറിച്ചും പറഞ്ഞിട്ടുള്ളത്. കുട്ടിയുടെ നോട്ട്ബുക്കില്‍ കൊറിയന്‍ ഭാഷയിലുള്ള കുറിപ്പുകളും ഉണ്ട്. സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നും, അതിനാല്‍ ജീവിതം അവസാനിപ്പിക്കുന്നുവെന്നും കുറിപ്പിലുണ്ട്.
തിരുവാങ്കുളം മാമല കക്കാട് കിണറ്റിങ്കല്‍പറമ്പില്‍ വീട്ടില്‍ മഹേഷിന്റെയും രമ്യയുടെയും മകള്‍ ആദിത്യ (16) യെയാണ് ഇന്നലെ രാവിലെ വീടിനു സമീപത്തെ ഉപയോഗശൂന്യമായ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ചോറ്റാനിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാബ് ടെക്നീഷ്യന്‍ കോഴ്സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.









