തിരുവനന്തപുരം കിളിമാനൂരില്‍ രജിത് -അംബിക ദമ്പതികള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിന്‍കര സ്വദേശി ആദര്‍ശ് ആണ് അറസ്റ്റിലായത്. അപകടം ഉണ്ടാക്കിയ വാഹനം ഓടിച്ചയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച ആളാണ് ആദര്‍ശ്. കേസിലെ രണ്ടാം പ്രതിയാക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അപകടം ഉണ്ടാക്കിയ പ്രതികളെ ഇതുവരെ പൊലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ തമിഴ്നാട്ടില്‍ ഒളിവിലാണെന്നാണ് സൂചന. ഇവര്‍ക്കായി ഒരു സംഘം ഉദ്യോഗസ്ഥര്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു.ട്വന്റിഫോര്‍ ഇംപാക്ട്.
ജനുവരി നാലിനാണ് പാപ്പാല ജംഗ്ഷനില്‍ മഹീന്ദ്ര ഥാര്‍ വാഹനം കുന്നുമ്മല്‍ സ്വദേശികളായ രഞ്ജിത്ത് അംബിക ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച് അപകടം ഉണ്ടായത്. അംബിക അപകടത്തിന് മൂന്നു ദിവസത്തിനു ശേഷവും രജിത്ത് കഴിഞ്ഞദിവസവും മരിച്ചു. ബൈക്കിലെത്തിയ രണ്ടു
പേര്‍ വാഹനം കത്തിച്ചു എന്ന് മാത്രമാണ് FIR ല്‍ പറയുന്നത്. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്കെതിരെ കേസെടുക്കാതെ പൊലീസ് ഒത്തു കളിക്കുന്നത് ആരോപിച്ച് രജിത്തിന്റെ മൃതദേഹവുമായി കിളിമാനൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ വലിയ പ്രതിഷേധം ബന്ധുക്കള്‍ സംഘടിപ്പിച്ചിരുന്നു. ഇവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്നാണ് ബന്ധുക്കളുടെ ആരോപണം.പ്രതിഷേധത്തെ തുടര്‍ന്നാണ് വര്‍ക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസന്വേഷണം ആരംഭിച്ചത്.
രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനം സൂക്ഷിച്ചത് എം സി റോഡിനു അരികെ അലക്ഷ്യമായിട്ടായിരുന്നു.ട്വന്റി ഫോര്‍ വാര്‍ത്തയ്ക്കു പിന്നാലെയാണ് വാഹനം പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് മാറ്റിയത് പോലും.തൊണ്ടി മുതല്‍ കത്തിയതില്‍ ദുരൂഹത ഉണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമം എന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം.









