വാഷിങ്ടന്‍ ന്മ ലോകാരോഗ്യ സംഘടനയില്‍ നിന്ന് യുഎസിന്റെ ഔദ്യോഗിക പിന്മാറ്റം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. യുഎസിന്റെയും ലോകത്തിന്റെയും ആരോഗ്യരംഗത്തെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പുകള്‍ നിലനില്‍ക്കെയാണ് നീക്കം. ഐക്യരാഷ്ട്രസംഘടനയുടെ ആരോഗ്യ ഏജന്‍സിക്ക് നല്‍കാനുള്ള 260 മില്യന്‍ ഡോളര്‍ ഫീസ് നല്‍കാതെ പിന്മാറുന്നത് യുഎസ് നിയമത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
2025ല്‍ യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ആദ്യ ദിവസം ഡോണള്‍ഡ് ട്രംപ് ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനമെടുത്തിരുന്നു. യുഎസ് നിയമപ്രകാരം, സംഘടന വിടുന്നതിന് ഒരു വര്‍ഷം മുന്‍പ് നോട്ടിസ് നല്‍കുകയും കുടിശികയുള്ള മുഴുവന്‍ തുകയും അടച്ചുതീര്‍ക്കുകയും വേണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഡാനം ഗെബ്രിയേസസ് ഉള്‍പ്പെടെയുള്ള ആഗോള ആരോഗ്യ വിദഗ്ധര്‍ ഈ തീരുമാനത്തില്‍ പുനര്‍ചിന്ത വേണമെന്ന് യുഎസിനോട് ആവശ്യപ്പെട്ടിരുന്നു.
2024, 2025 വര്‍ഷങ്ങളിലെ കുടിശിക യുഎസ് ഇതുവരെ നല്‍കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഫെബ്രുവരിയില്‍ നടക്കുന്ന എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ യുഎസിന്റെ പിന്മാറ്റവും അത് കൈകാര്യം ചെയ്യേണ്ട രീതിയും അംഗരാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്നാല്‍ കുടിശിക നല്‍കാതെ പിന്മാറാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയാറായില്ല.
യുഎസിന്റെ പിന്മാറ്റം സംഘടനയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സംഘടനയുടെ മൊത്തം ഫണ്ടിങ്ങിന്റെ 18 ശതമാനവും നല്‍കിയിരുന്നത് യുഎസ് ആയിരുന്നു. ഫണ്ട് വെട്ടിക്കുറച്ചതോടെ മാനേജ്മെന്റ് ടീമിനെ പകുതിയായി കുറയ്ക്കാനും ഈ വര്‍ഷം പകുതിയോടെ നാലിലൊന്ന് ജീവനക്കാരെ പിരിച്ചുവിടാനും സംഘടന നിര്‍ബന്ധിതരായിട്ടുണ്ട്.









