തൊഴിലുറപ്പ് പദ്ധതിയെ കേരളം കൈവിടില്ല; 1000 കോടി അധിക വിഹിതമായി നീക്കിവെച്ചു

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയെ കൈവിടില്ലെന്ന് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ മാറ്റം വരുത്തിയെങ്കിലും കേരളം പദ്ധതി മുന്നോട്ട് കൊണ്ടു പോകുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. തൊഴിലുറപ്പ് പദ്ധതിക്കായി സംസ്ഥാനത്തിന്റെ അധിക വിഹിതമായി 1000 കോടി രൂപ കൂടി നീക്കി വെയ്ക്കുന്നതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചത് വലിയ വിവാദമായിരുന്നു. അതിനു പകരം കേന്ദ്രസര്‍ക്കാര്‍ വിബിജി റാം ജി നിയമം (വികസിത് ഭാരത്ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍) കൊണ്ടു വരികയായിരുന്നു. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെ പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസ്സാക്കി. തുടര്‍ന്ന് രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.

നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ 22 ലക്ഷത്തോളം പേരില്‍ വലിയ പങ്ക് പുതിയ നിയമപ്രകാരം പുറത്താകാന്‍ സാധ്യതയുണ്ടെന്നാണ് ആക്ഷേപം. തൊഴില്‍ദിനങ്ങള്‍ 125 ആയി ഉയര്‍ത്തുമെന്നാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍ നിലവിലുള്ള 100 ദിവസം പോലും ലഭിക്കാനുള്ള സാധ്യത വിരളമാണ്. പദ്ധതി നടപ്പാക്കുന്ന ഗ്രാമീണമേഖലകള്‍ കേന്ദ്രം വിജ്ഞാപനം ചെയ്യുക എന്നതുള്‍പ്പടെ നിബന്ധനകള്‍ നടപ്പാക്കുമ്പോള്‍ പദ്ധതി സ്വാഭാവികമായും ചുരുങ്ങുമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights