നാടുകാണാതെ 11 വര്‍ഷം, ഒടുവില്‍ പ്രവാസത്തിന്റെ തണുപ്പില്‍ കണ്ണീരോര്‍മയായി മലയാളി യുവാവ്; തീരാനോവ്

ഫുജൈറ : തണുപ്പകറ്റാന്‍ ട്രക്കിനകത്ത് കരി കത്തിച്ച് കിടന്നുറങ്ങിയ മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു. കോഴിക്കോട് വടകര വള്ളിക്കാട് മുട്ടുങ്ങല്‍ സ്വദേശി ചോയംകണ്ടംകുനിയില്‍ മുഹമ്മദ് അന്‍സാര്‍ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അന്‍സാറിനെ ട്രക്കിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൌബാനിലെ ഗാരിജില്‍ താല്‍ക്കാലികമായി ജോലി ചെയ്തുവരികയായിരുന്ന അന്‍സാര്‍ മെച്ചപ്പെട്ട ജോലി കണ്ടെത്തുന്നതിനായി ഹെവി ഡ്രൈവിങ് ലൈസന്‍സിനു ശ്രമിച്ചുവരികയായിരുന്നു.

ഹുസൈന്റെയും റംലയുടെയും മകനാണ്. 11 വര്‍ഷമായി നാട്ടില്‍ പോയിട്ട്. അവിവാഹിതനാണ്. ഹുസൈനും മറ്റൊരു മകനും ഫുജൈറയിലെ മുറബ്ബയില്‍ ഗ്രോസറി നടത്തിവരികയാണ്.ഗള്‍ഫില്‍ ഏതാനും ആഴ്ചകളായി തുടരുന്ന കടുത്ത തണുപ്പിനെ പ്രതിരോധിക്കാനായി കരി കത്തിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു ഇദ്ദേഹം. അടച്ചിട്ട വാഹനത്തിനുള്ളില്‍ ഹീറ്ററില്‍ നിന്നുള്ള പുക ശ്വസിച്ചതും ഓക്‌സിജന്റെ കുറവുമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. മസാഫി ആശുപത്രിയിലുള്ള മൃതദേഹം ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും.

നേരത്തെ സൗദി അറേബ്യയിലെ ഖസീമിലും റിയാദിലുമായി സമാന രീതിയില്‍ കോഴിക്കോട്, പാലക്കാട് സ്വദേശികള്‍ മരിച്ചിരുന്നു. ശരിയായ വായുസഞ്ചാരമില്ലാതെ ഹീറ്ററോ ചാര്‍ക്കോളോ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights