ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; ഗള്‍ഫ് മേഖലയിലും സ്‌ഫോടനം; ഖത്തര്‍, കുവൈത്ത്, യുഎഇ വ്യോമപാത അടച്ചു

ടെഹ്‌റാൻ: ഇറാനിൽ ഇസ്രയേൽ ആക്രമണം. രാജ്യ തലസ്ഥാനമായ ടെഹ്‌റാനിൽ മിസൈൽ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തുമാണ് നിരവധി തവണ സ്ഫോടനം നടന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഓഫീസിനടുത്താണ് ആക്രമണമുണ്ടായത്. അമേരിക്കയും ഇസ്രയേലും സംയുക്തമായാണ് ഇറാനിൽ ആക്രമണം നടത്തിയത്. ഖമനിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റി. അതേസമയം ഇസ്രയേലിൽ രാജ്യമെമ്പാടും സൈറണുകൾ മുഴങ്ങുന്നതായി വിവരമുണ്ട്. ടെഹ്‌റാന്റെ പല ഭാഗങ്ങളിലും മൊബൈൽ ഫോൺ ആശയവിനിമയം തടസ്സപ്പെട്ടു.

‘അനാവശ്യ യാത്രകള്‍ ഒഴിവാക്കണം’; ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശവുമായി ഒമാനിലെ എംബസി

നിലവിലെ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് ഒമാനിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഒമാനിലെ എംബസി. പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. ഒമാന്‍ അധികൃതരും ഇന്ത്യന്‍ എംബസിയും പുറപ്പെടുവിപ്പിക്കുന്ന സുരക്ഷാ മാര്‍ദനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി നിര്‍ദേശിച്ചു. ഏത് സാഹചര്യത്തിലും ഒമാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ വഴി എംബസിയെ ബന്ധപ്പെടാം. ടോള്‍ ഫ്രീ നമ്പര്‍: 80071234, വാട്സ്ആപ്പ്: +968 98282270

ഇറാനിലെ സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 51 ആയി

ഇറാനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 51 ആയി. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടക്കുമ്പോള്‍ സ്‌കൂളില്‍ 170 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളിലായിരുന്നു ഇസ്രയേല്‍ ആക്രമണം നടന്നത്.

ഇറാന്റെ മിസൈല്‍ ആക്രമണം; അബുദാബിയില്‍ കൊല്ലപ്പെട്ടത് പാകിസ്താന്‍ പൗരന്‍

അബുദാബിയില്‍ ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് പാകിസ്താന്‍ പൗരനെന്ന് സ്ഥിരീകരണം. യുഎഇ ഭരണകൂടമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തെയും ബന്ധുക്കളെയും അനുശോചനം അറിയിക്കുന്നതായി യുഎഇ ഭരണകൂടം അറിയിച്ചു.

മധ്യേഷ്യയിലേയ്ക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർലൈൻ കമ്പനികൾ

എയർ ഫ്രാൻസ്- ടെൽ അവീവിലേയ്ക്കും തിരിച്ചുമുള്ള ശനിയാഴ്ചത്തെ വിമാനങ്ങൾ റദ്ദാക്കി. ലെബനനിലെ ബെയ്റൂത്തിലേയ്ക്കുള്ള വിമാനങ്ങളും റദ്ദാക്കി.

ലൈബീരിയ എക്സ്പ്രസ്- ലൈബീരിയ ​ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള സ്പാനിഷ് എയർലൈൻ്റെ ടെൽ അവീവിലേയ്ക്ക് ശനിയാഴ്ച പറക്കേണ്ടിയിരുന്ന വിമാനം റദ്ദാക്കി.

ഇൻഡി​ഗോ- മധ്യേഷ്യയിലെ സ്ഥിതി​ഗതികൾ നിരീക്ഷിച്ച് വരുന്നതായി ഇൻഡി​ഗോ അറിയിച്ചു.

ജപ്പാൻ എയർലൈൻസ്- ശനിയാഴ്ച ടോക്കിയോയിൽ നിന്ന് ടെൽ അവീവിലേയ്ക്കും മാർച്ച് 1ന് തിരിച്ചുമുള്ള വിമാനങ്ങൾ ജപ്പാൻ എയർലൈൻസ് റദ്ദാക്കി.

എൽഒടി എയർലൈൻസ്- പോളിഷ് എയർലൈൻസ് വാഴ്സോയിൽ നിന്ന് ദുബായിലേക്കുള്ള LO121 വിമാനം തിരിച്ചയച്ചു.

ലുഫ്താൻസ – ജർമ്മൻ എയർലൈനായ ലുഫ്താൻസ മാർച്ച് 7 വരെ ഇസ്രായേലിലെ ടെൽ അവീവിലേക്കും ലെബനനിലെ ബെയ്റൂട്ടിലേക്കും ഒമാനിലേക്കും ഉള്ള വിമാനങ്ങൾ വിമാനങ്ങൾ റദ്ദാക്കി. ശനിയാഴ്ചയും ഞായറാഴ്ചയും ദുബായിലേക്കും തിരിച്ചും ഷെഡ്യൂൾ ചെയ്തിരുന്ന വിമാനങ്ങളും നിർത്തിവച്ചു. മാർച്ച് 7 വരെ ഇസ്രായേലി, ലെബനീസ്, ജോർദാനിയൻ, ഇറാഖി, ഇറാനിയൻ വ്യോമാതിർത്തി വഴി വിമാനങ്ങൾ പറക്കില്ലെന്നാണ് ലുഫ്താൻസ വ്യക്തമാക്കിയിരിക്കുന്നത്.

നോർവീജിയൻ എയർ – ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നോർഡിക് എയർലൈൻ ശനിയാഴ്ച നിർത്തിവെച്ചതായി നോ‍ർവീജിയൻ എയർ അറിയിച്ചു.

തുർക്കിഷ് എയർലൈൻസ് – ഖത്തർ, കുവൈറ്റ്, ബഹറൈൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ശനിയാഴ്ച വരെയും ലെബനൻ, സിറിയ, ഇറാഖ്, ഇറാൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മാർച്ച് 2 വരെയും റദ്ദാക്കിയതായാണ് തുർക്കിഷ് എയർലൈൻ അറിയിച്ചിരിക്കുന്നത്.

വിർജിൻ അറ്റ്ലാന്റിക് – ഇറാഖി വ്യോമാതിർത്തി താൽക്കാലികമായി ഒഴിവാക്കുമെന്നാണ് ലണ്ടൻ ആസ്ഥാനമായുള്ള വിർജിൻ അറ്റ്ലാന്റിക് എയർലൈൻ അറിയിച്ചിരിക്കുന്നത്. അതിനാൽ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ശനിയാഴ്ച ലണ്ടനിലെ ഹീത്രൂവിൽ നിന്ന് ദുബായിലേക്കുള്ള VS400 സർവീസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

ഖത്തർ എയർവേയ്‌സ് – ഖത്തർ വ്യോമാതിർത്തി അടച്ചതിനാൽ ദോഹയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights