ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: മിഡില്‍ ഈസ്റ്റിലേയ്ക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും

ന്യൂഡല്‍ഹി: ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ മിഡില്‍ ഈസ്റ്റിലേയ്ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഇന്‍ഡിഗോ. പശ്ചിമേഷ്യയിലേയ്ക്കുള്ള എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കുമുള്ള എയര്‍ ഇന്ത്യ ഫ്‌ളൈറ്റുകളും റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന കണക്കിലെടുത്താണ് തീരുമാനമെന്നും എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങള്‍ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് വിമാന സര്‍വീസുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.മധ്യപൂര്‍വദേശത്തേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും അര്‍ധരാത്രി വരെയാണ് ഇന്‍ഡിഗോ റദ്ദാക്കിയിരിക്കുന്നത്. സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷം തടസങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനായി സര്‍വീസുകള്‍ പുനഃക്രമീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.
ഇസ്രയേലിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ് നല്‍കി. അധികൃതര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായ പാലിക്കണമെന്നും എംബസി നിര്‍ദേശം നല്‍കി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാവരും ഷെല്‍ട്ടറില്‍ തന്നെ തുടരണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും എംബസി നിര്‍ദേശിച്ചു. അടിയന്തര സാഹചര്യം ഉണ്ടായാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ വഴി ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം. ടെലിഫോണ്‍: +972-54-7520711, ഇ-മെയില്‍: cons1.telaviv@mea.gov.in

ഇറാനിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്നും കഴിയുന്നത്ര വീടിനുള്ളില്‍ തന്നെ തുടരണമെന്നും ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും എംബസി പുറപ്പെടുവിക്കുന്ന കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍, ഇന്ത്യക്കാര്‍ക്ക് എംബസിയുമായി ബന്ധപ്പെടാം: +989128109115, +989128109109, +989128109102, +989932179359.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights