മനില: ഫിലിപ്പീൻസിൽ ബിസിനസ് ആരംഭിക്കാനുള്ള പണത്തിനായി സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിലായി. 12 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെയാണ് 22 കാരിയായ അമ്മയും 19 കാരനായ അച്ഛനും ചേർന്ന് വിൽക്കാൻ തുനിഞ്ഞത്. ഫെബ്രുവരി 2-നാണ് മനിലയിൽ നടുക്കുന്ന ഈ സംഭവം നടന്നത്.കുഞ്ഞിനെ വിൽക്കാനുണ്ടെന്ന പരസ്യം ഓൺലൈനിൽ ശ്രദ്ധയിൽപ്പെട്ട ഫിലിപ്പൈൻ നാഷണൽ പോലീസ് വുമൺ ആൻഡ് ചൈൽഡ് പ്രൊട്ടക്ഷൻ സെന്റർ ഉദ്യോഗസ്ഥർ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.
കുഞ്ഞിനെ വാങ്ങാനെന്ന വ്യാജേന പോലീസ് ദമ്പതികളെ സമീപിച്ചു. തുടർന്ന് നഗരത്തിലെ ഒരു മാളിലുള്ള റെസ്റ്റോറന്റിൽ വെച്ച് കുഞ്ഞിനെ കൈമാറാൻ എത്തിയപ്പോൾ പോലീസ് ഇവരെ കൈയോടെ പിടികൂടുകയായായിരുന്നു.27,500 ഫിലിപ്പീൻ പെസോ (ഏകദേശം 43,113 രൂപ) ആണ് കുഞ്ഞിനായി ഇവർ ആവശ്യപ്പെട്ടത്. ഒരു ‘സ്ട്രീറ്റ് ഫുഡ് കാർട്ട്’ (തട്ടുകട) തുടങ്ങാനാണ് ഈ പണം ഉപയോഗിക്കാൻ ലക്ഷ്യമിട്ടതെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു.മനുഷ്യക്കടത്ത്, ബാലപീഡനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.കുറ്റം തെളിഞ്ഞാൽ 20 വർഷം വരെ തടവോ അല്ലെങ്കിൽ ജീവപര്യന്തമോ ശിക്ഷ ലഭിച്ചേക്കാം. നിലവിൽ കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് ശേഷം ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.









