തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം തൂത്തുവാരി മലയാളി നായികമാര്‍; മികച്ച നടിമാരായി മഞ്ജുവും കീര്‍ത്തിയും അപര്‍ണയും ലിജോമോളും

തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാളി താരങ്ങള്‍ക്ക് വന്‍ നേട്ടം. 2016 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരങ്ങള്‍ മലയാളി താരങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ മറ്റ് പ്രധാന വിഭാഗങ്ങളിലും മലയാളികള്‍ ഇടംപിടിച്ചു. ഹാസ്യ നടിക്കുള്ള പുരസ്‌കാരം ഉര്‍വശിക്കും ലഭിച്ചു. മികച്ച പ്രതിനായകനായി റഹ്‌മാനും തിരഞ്ഞെടുത്തു. വൈക്കം വിജയലക്ഷ്മി, വര്‍ഷാ രഞ്ജിത്ത് എന്നിവര്‍ മികച്ച ഗായികമാരായി.

മികച്ച നടിക്കുള്ള പുരസ്‌കാരം വിവിധ വര്‍ഷങ്ങളിലായി അഞ്ച് മലയാളി താരങ്ങളാണ് ഏറ്റുവാങ്ങുന്നത്. 2016ല്‍ പുറത്തിറങ്ങിയ ‘പാമ്പു സട്ടൈ’യിലെ പ്രകടനത്തിലൂടെ മലയാളി താരം കീര്‍ത്തി സുരേഷാണ് മികച്ച നടിയായി. 2017ല്‍ ‘അരം’ എന്ന ചിത്രത്തിലെ അഭിനയത്തിന് നയന്‍താര സ്വന്തമാക്കിയപ്പോള്‍ 2018ല്‍ ജ്യോതികയാണ് മികച്ച നടി. ‘ചെക്ക ചിവന്ത വാനം’ സിനിമയിലെ പ്രകടനമാണ് നടിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

2019ല്‍ വെട്രിമാരന്‍ സംവിധാനം ചെയ്ത ‘അസുരന്‍’ എന്ന ചിത്രത്തിലൂടെ മഞ്ജു വാരിയര്‍ മികച്ച നടിയായി. മഞ്ജു ആദ്യമായി അഭിനയിച്ച തമിഴ് സിനിമയായിരുന്നു ഇത്. 2020ലും മലയാളത്തിലേക്കു തന്നെയായിരുന്നു മികച്ച നടിക്കുള്ള പുരസ്‌കാരം. ‘സൂരറൈ പോട്ര്’ സിനിമയിലെ അഭിനയത്തിന് അവാര്‍ഡ് ലഭിച്ചത് അപര്‍ണ ബാലമുരളിക്ക്. 2021ല്‍ ‘ജയ് ഭീമി’ലെ സെങ്കിണിയായി എത്തിയ ലിജോ മോള്‍ മികച്ച നടിയായി.

2022ല്‍ സായ് പല്ലവിയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. ‘ഗാര്‍ഗി’യിലെ കഥാപാത്രമാണ് നടിക്ക് പുരസ്‌കാരം നേടിക്കൊടുത്ത സിനിമ.2016ല്‍ ‘പുരിയാത്ത പുതിര്‍’ എന്ന സിനിമയിലെ അഭിനയത്തിന് വിജയ് സേതുപതി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 2017ല്‍ കാര്‍ത്തിയാണ് മികച്ച നടന്‍ (തീരന്‍ അധികാരം ഒണ്‍ട്ര്).

2018ല്‍ ‘വട ചെന്നൈ’യിലൂടെ ധനുഷും 2019ല്‍ ‘ഒത്ത സെരുപ്പ് സൈസ്-7’ എന്ന ചിത്രത്തിലെ പ്രകടനതത്തിലൂടെ ആര്‍. പാര്‍ഥിപനും മികച്ച നടനായി. തൊട്ടടുത്ത വര്‍ഷം ‘സുരറൈ പോട്രി’ലെ അഭിനയത്തിനു സൂര്യ മികച്ച നടനായപ്പോള്‍ 2021ല്‍ ‘സര്‍പാട്ട പരമ്പരൈ’ എന്ന ആക്ഷന്‍ സിനിമയിലൂടെ ആര്യ തിരഞ്ഞെടുക്കപ്പെട്ടു. 2022ല്‍ ‘താണാക്കാരന്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിക്രം പ്രഭുവാണ് മികച്ച നടന്‍.

ന്മമഞ്ജു വാരിയര്‍ (അസുരന്‍)
ന്മകീര്‍ത്തി സുരേഷ് (പാമ്പു സട്ടൈ)
ന്മനയന്‍താര (അരം)
ന്മഅപര്‍ണ്ണ ബാലമുരളി (സൂരറൈ പോട്രു)
ന്മലിജോ മോള്‍ ജോസ് (ജയ് ഭീം)

മറ്റ് മേഖലകളില്‍ അവാര്‍ഡ് കരസ്ഥമാക്കിയ മലയാളികള്‍: 2016 മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം- വൈക്കം വിജയ ലക്ഷ്മി (വേലൈനു വന്തിട്ടു വെള്ളക്കാരന്‍), മികച്ച വില്ലന്‍- റഹ്‌മാന്‍ (ഒരു മുഗത്തിറൈ). 2017 മികച്ച ഹാസ്യനടി- ഉര്‍വശി (മകളിര്‍ മട്ടും). 2020 മികച്ച ഗായിക- വര്‍ഷ രഞ്ജിത്ത് (തായ് നിലം സിനിമയിലെ ആഗായം മേലെ).

മികച്ച സിനിമകള്‍: മാനഗരം (2016), അരം (2017), പരിയേറും പെരുമാള്‍ (2018), അസുരന്‍ (2019), കൂഴാങ്കള്‍ (2020), ജയ് ഭീം (2021), ഗാര്‍ഗി (2022) .

മികച്ച സംവിധായകര്‍: ലോകേഷ് കനകരാജ് (2016 മാനഗരം), പുഷ്‌കര്‍- ഗായത്രി (2017 വിക്രം വേധ), മാരി സെല്‍വരാജ് (2018 പരിയേറും പെരുമാള്‍), ആര്‍. പാര്‍ഥിപന്‍ (2019 ഒത്ത സെരുപ്പ് സൈസ്-7), സുധ കൊങ്കര (2020 സൂരറൈ പൊട്ര്), ടി.ജെ. ജ്ഞാനവേല്‍ (2020 ജയ് ഭീം), ഗൗതം രാമചന്ദ്രന്‍ (2022 ഗാര്‍ഗി).

ഫെബ്രുവരി 13ന് ചെന്നൈയിലെ കലൈവാനര്‍ അരങ്ങില്‍ നടക്കുന്ന ചടങ്ങില്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. മികച്ച നടനും നടിക്കും ഒരു പവന്‍ സ്വര്‍ണ മെഡലും മെമന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. മികച്ച ചിത്രങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയാണ് സമ്മാനത്തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights