കണ്ണു നനഞ്ഞുപോകുന്ന സ്‌നേഹക്കാഴ്ച; ശ്രീനിവാസന്റെ 40ാം ചരമദിനം വയോജനങ്ങള്‍ക്കൊപ്പം ചെലവിട്ട് വിനീതും ധ്യാനും

മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരന്‍ ശ്രീനിവാസന്റെ 40-ാം ചരമദിനത്തില്‍ വയോജന കേന്ദ്രമായ ബത്‌ലഹം ജറിയാട്രിക് കെയര്‍ ഹോം സന്ദര്‍ശിച്ച് ഉച്ചഭക്ഷണം നല്‍കി ഭാര്യ വിമലയും മക്കളായ വിനീത് ശ്രീനിവാസനും ധ്യാനും. വിനീതും ധ്യാനും കുടുംബസമേതമാണ് എത്തിയത്. പ്രിയതാരങ്ങളെ നേരില്‍ കണ്ടപ്പോഴുള്ള സന്തോഷം കൊണ്ട് മിഴി നിറഞ്ഞവരെ ചേര്‍ത്തു പിടിച്ച വിനീതും ധ്യാനും കുടുംബവും മലയാളികള്‍ക്കു മുന്‍പില്‍ ഒരു സ്‌നേഹക്കാഴ്ചയായി.
അന്തേവാസികളായ വയോജനങ്ങളെ ഓരോരുത്തരെയും നേരില്‍ കണ്ട് അവരോടു സംസാരിച്ചും കുശലാന്വേഷണം നടത്തിയുമാണ് താരങ്ങള്‍ അവര്‍ക്കൊപ്പം സമയം ചെലവിട്ടത്. അതിനിടയില്‍ കിടപ്പുരോഗിയായ ഒരു അമ്മയുടെ ഒരു കുഞ്ഞ് ആഗ്രഹവും വിനീത് ശ്രീനിവാസന്‍ സാക്ഷാത്ക്കരിച്ചു. വിനീതിന്റെ ഒരു പാട്ടു കേള്‍ക്കണം എന്നായിരുന്നു ആ അമ്മയുടെ ആഗ്രഹം.

‘എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ’ എന്ന പാട്ടാണ് വിനീത് ആ അമ്മയ്ക്കായി പാടി കൊടുത്തത്. ‘മേരി അമ്മ കണ്ണു നനയിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ബത്‌ലഹം ജറിയാട്രിക് കെയര്‍ ഹോം ഹൃദയസ്പര്‍ശിയായ ആ രംഗം പങ്കുവച്ചത്.
നാളുകളായി കിടപ്പിലായിരുന്നു മേരി അമ്മ. എങ്കിലും, വിനീത് ശ്രീനിവാസനെ കണ്ട ഉടനെ അമ്മ തിരിച്ചറിഞ്ഞു. ‘ഇതു നമ്മുടെ വിനീതല്ലേ? ഈ മോന്‍ നന്നായി പാടും’ എന്നു പറഞ്ഞുകൊണ്ടാണ് മേരി അമ്മ വിനീതിനെ സ്വീകരിച്ചത്. ഒരു പാട്ടു പാടിത്തരുമോ എന്നു ചോദിച്ചപ്പോള്‍ ഒട്ടും മടി കൂടാതെ ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമയിലെ പാട്ടു പാടി. കൈ കൊണ്ട് താളം പിടിച്ചാണ് മേരി അമ്മ പാട്ട് ആസ്വദിച്ചത്.

ശ്രീനിവാസന്റെ വേര്‍പാടിന്റെ നാല്‍പതാം ദിനത്തില്‍, അദ്ദേഹത്തിന്റെ പ്രിയ പത്‌നിയും മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും തങ്ങളുടെ കുടുംബസമേതമാണ് ബത്‌ലഹം ജറിയാട്രിക് കെയര്‍ ഹോമില്‍ എത്തിയത്. അവിടുത്തെ ഓരോ അച്ഛനമ്മമാര്‍ക്കുമൊപ്പം സമയം ചിലവഴിച്ചും, അവര്‍ക്ക് ഉച്ചഭക്ഷണം വിളമ്പിക്കൊടുത്തും അവര്‍ അന്തേവാസികളുടെ മനസ്സു കവര്‍ന്നു. എല്ലാവര്‍ക്കുമൊപ്പം ചിത്രങ്ങള്‍ എടുത്താണ് മടങ്ങിയത്.

സിനിമയുടെ തിളക്കത്തിനപ്പുറം, സാധാരണക്കാരെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച അച്ഛന്റെ വഴിയിലൂടെ തന്നെയാണ് മക്കളും സഞ്ചരിക്കുന്നതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയം ചെയ്ത പ്രിയപ്പെട്ട ചലച്ചിത്രകാരന്റെ സ്മരണയെ മനോഹരമാക്കുകയാണ് ഇത്തരം ഇടപെടലുകളെന്ന് ആരാധകരും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights