ബലൂചിസ്ഥാൻ ആക്രമണം: രണ്ട് വനിതാ ചാവേറുകളുടെ ചിത്രം പുറത്തുവിട്ട് ബിഎൽഎ

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ നടത്തിയ സംഘർഷത്തിൽ ചവേർ ആക്രമണം നടത്തിയതായി ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) സ്ഥിരീകരിച്ചു. രണ്ട് വനിതാ ചാവേറുകളുടെ ചിത്രം പുറത്ത് വിട്ടാണ് ബിഎൽഎ ഇത് സ്ഥിരീകരിച്ചത്. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ചാവേറുകളിലൊരാൾ 24കാരിയായ ആസിഫ മെംഗാൾ ആണെന്ന് തിരിച്ചറിഞ്ഞു. ആസിഫ ബലൂചിസ്ഥാനിലെ നുഷ്കി സ്വദേശിയാണെന്നും 21-ാം വയസിൽ ബിഎൽഎയിൽ ചേർന്നതാണെന്നും കണ്ടെത്തി. സ്വന്തം താത്പര്യത്തിൽ ആണ് ഇവർ ബിഎൽഎയുടെ ചാവേർ ആയതെന്നാണ് റിപ്പോർട്ട്. ശനിയാഴ്‌ച നുഷ്‌കിയിലെ ഐഎസ്‌ഐ ആസ്ഥാനത്ത് ആക്രമണം നടത്തിയത് ആസിഫയായിരുന്നു. അതേസമയം രണ്ടാമതെ സ്ത്രീയെ ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.ബലൂചിസ്ഥാനിൽ വിഘടനവാദികളായ ബലൂച് ലിബറേഷൻ ആർമി നടത്തിയ ആക്രമണത്തിൽ 50 ലേറെ സൈനികരും പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് ‘ഓപ്പറേഷൻ ഹെറോഫ് 2 ” എന്ന പേരിൽ സുരക്ഷാ സേനയ്‌ക്കെതിരെ ബലൂച് വിമതർ അക്രമം അഴിച്ചുവിട്ടത്. ഇതിന് മറുപടിയായി പാകിസ്ഥാൻ സുരക്ഷാ സേന 40 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിൽ ഇതുവരെ 140 ലധികം തീവ്രവാദികളെ വധിച്ചതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി പറഞ്ഞു. രണ്ട് ആക്രമണങ്ങളിൽ സ്ത്രീകളായിരുന്നു കുറ്റവാളികൾ എന്നും വിഘടനവാദികൾ സാധാരണക്കാരെയും തൊഴിലാളികളെയും താഴ്ന്ന വരുമാനക്കാരെയും ലക്ഷ്യമിടുന്നത് വർധിച്ചു വരികയാണെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.ബലോച് ലിബറേഷൻ ആർമി ബലോചിസ്ഥാനിൽ പ്രവർത്തിക്കുന്ന നിരവധി വിഘടനവാദി സംഘടനകളിൽ ഒന്നാണ്. രാഷ്ട്രീയ സ്വയംഭരണം, വിഭവ നിയന്ത്രണം, വികസനം എന്നിവ സംബന്ധിച്ച പരാതികൾ കാരണം പതിറ്റാണ്ടുകളായി കലാപം നടക്കുന്ന ഒരു പ്രവിശ്യയാണിത്. പാകിസ്താൻ സുരക്ഷാ സേനകൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്വം മുമ്പും ഇവർ ഏറ്റെടുത്തിട്ടുണ്ട്. പാകിസ്താൻ്റെ ഏറ്റവും വലിയതും ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ളതുമായ പ്രവിശ്യയായ ബലൂചിസ്ഥാൻ, വിഘടനവാദി വിമതരും ഭരണകൂടവും തമ്മിലുള്ള കുറഞ്ഞ തീവ്രതയിലുള്ള സംഘർങ്ങളുടെ വേദിയാണ്. വർഷങ്ങളായി അക്രമത്തിൻ്റെ തീവ്രതയിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ഇടയ്ക്കിടെ നടക്കുന്ന വലിയ ആക്രമണങ്ങളും പ്രത്യാക്രമണ പ്രവർത്തനങ്ങളും ഈ മേഖലയുടെ ചില ഭാഗങ്ങളിൽ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights