വഴുതക്കാട് വാഹനാപകടം: പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്; ‘നടന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു’

തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജു ഉള്‍പ്പെട്ട വാഹനാപകടത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ല. അപകടവിവരം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി. രാത്രി രണ്ടു വട്ടം നടന്റെ വീട്ടിലെത്തിയെന്നും, സിസിടിവി ദൃശ്യങ്ങള്‍ അതിന് തെളിവാണെന്നും സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.അപകടമുണ്ടായശേഷം പൊലീസിനെ നടന്‍ മണിയന്‍പിള്ള രാജു വിളിച്ചു എന്ന വാദം വിശ്വസനീയമല്ലെന്നും സ്‌പെഷല്‍ ബ്രാഞ്ച് പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. രാത്രി തന്നെ വണ്ടിയെയും ആളെയും തിരിച്ചറിഞ്ഞിരുന്നു. വിവരം അറിഞ്ഞയുടന്‍ മ്യൂസിയം സ്റ്റേഷനില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം അപകടസ്ഥലത്തെത്തിയിരുന്നു.

പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിലും അവരുടെ മൊഴി ശേഖരിക്കുന്നതിലുമാണ് മുന്‍പരിഗണന നല്‍കിയത്. ഡോക്ടറെ കണ്ട് വിവരങ്ങള്‍ ആരാഞ്ഞു. അതോടൊപ്പം മറ്റു ചില ഉദ്യോഗസ്ഥര്‍ വാഹനം ആരുടേതാണെന്ന് തിരിച്ചറിഞ്ഞു. ഭാര്യയെയും മകനെയും ക്ലബ്ബിലുള്ള സുഹൃത്തുക്കളെയും വിളിച്ച ശേഷം മണിയന്‍പിള്ള രാജു രാത്രി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ ആറു മണിക്കാണ് ഫോണ്‍ ഓണ്‍ ആക്കിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.അതേസമയം വാഹനാപകടകേസില്‍ പൊലീസ് വീഴ്ച ഉണ്ടായെന്ന ആരോപണത്തില്‍ തിരുവനന്തപുരം ഡിസിപി അന്വേഷണം തുടങ്ങി. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ മൊഴിയെടുത്തു. വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ കാര്‍ത്തിക് പറഞ്ഞു. വ്യാഴാഴ്ച രാത്രി 11.30യ്ക്കാണ് നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ ട്രിവാന്‍ഡ്രം ക്ലബിലെ ഗേറ്റിറങ്ങി വരുമ്പോള്‍, വെള്ളയമ്പലം ഭാഗത്തു നിന്നും വന്ന ബൈക്കുമായി അപകടത്തില്‍പ്പെടുന്നത്. കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണ രണ്ടു യുവാക്കള്‍ക്ക് സാരമായ പരിക്കേറ്റു. അപകടശേഷം നടന്‍ കാര്‍ നിര്‍ത്താതെ പോയി. സംഭവത്തില്‍ മണിയന്‍പിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights