കുഴിയില്‍ക്കിടക്കുന്നത് കണ്ടിട്ടും ഗൗനിക്കാതെ പോയി; ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ഉപകരാറുകാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : റോഡില്‍ കുഴിച്ച കുഴിയില്‍ വീണ് ഇരുപത്തിയഞ്ചുകാരനായ ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ഗുരുതര അനാസ്ഥ പുറത്തായതോടെ പൊലീസ് ഉപകരാറുകാരനെ അറസ്റ്റ് ചെയ്തു. ജനക്പുരിയില്‍ ഡല്‍ഹി ജലബോര്‍ഡിനുവേണ്ടി എടുത്ത കുഴിയിലാണ് ജനുവരി 5ന് അര്‍ധരാത്രിക്കുശേഷം കമല്‍ ധ്യാനി വീണത്. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ ഉപകരാറുകാരന്‍ പൊലീസിനെ അറിയിക്കുകയോ രക്ഷാപ്രവര്‍ത്തനം നടത്തുകയോ ചെയ്യാതെ മടങ്ങിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. രാവിലെ 8 മണിയോടെ വഴിയിലൂടെ വന്ന യുവതി സംഭവം കണ്ടു അറിയിക്കുന്നതുവരെ കമല്‍ മണിക്കൂറുകളോളം കുഴിയില്‍ കിടക്കുകയായിരുന്നു.

‘കുഴിയില്‍ വീഴുന്നത് കണ്ടു’

രോഹിണിയിലെ ഒരു കല്യാണച്ചടങ്ങില്‍ പങ്കെടുത്തശേഷം സാഗര്‍പുരിലെ വീട്ടിലേക്കു മടങ്ങുകയായിരുന്ന വിപിന്‍ സിങ്ങും കുടുംബവുമാണ് കമല്‍ ധ്യാനിയും ബൈക്കും കുഴിയില്‍ വീഴുന്നതിന്റെ ദൃക്‌സാക്ഷികള്‍. ഉടന്‍തന്നെ അവര്‍ സമീപത്തുള്ള റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ സുരക്ഷാ ജീവനക്കാരനെ വിവരം അറിയിച്ചു. അയാള്‍ കരാറുകാരന്റെ തൊഴിലാളിയായ യോഗേഷിനെ വിവരം അറിയിച്ചു. ഇയാള്‍ ഉപകരാറുകാരനായ രാജേഷ് കുമാര്‍ പ്രജാപതിയെ വിളിച്ച് അറിയിച്ചെന്നും ഡല്‍ഹി വെസ്റ്റ് ഡിസിപി ധാരഡെ ശരദ് ഭാസ്‌കര്‍ പറഞ്ഞു.

”യോഗേഷ് കുഴിയിലേക്കു നോക്കിയപ്പോള്‍ ബൈക്കിന്റെ ഹെഡ്ലൈറ്റ് തെളിഞ്ഞുനില്‍ക്കുന്നതു കണ്ടതാണ്. ഇയാള്‍ 12.22ന് പ്രജാപതിയെ അറിയിച്ചു. ഇത് കോള്‍ രേഖകളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. പ്രജാപതി 15-20 മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി. എന്നാല്‍ അവസ്ഥ കണ്ടിട്ടും അതു ഗൗനിക്കാതെ പോകുകയായിരുന്നു.” – ഡിസിപി അറിയിച്ചു. കമല്‍ ധ്യാനി മരിച്ചതിനു പിന്നാലെ യോഗേഷ് ഒളിവില്‍പ്പോയി. ജന്മനാടായ യുപിയിലെ ഇറ്റാവയിലേക്ക് കടന്നുവെന്നാണ് പൊലീസ് കരുതുന്നത്.

രാവിലെ 8.03ന് മകനെ സ്‌കൂളില്‍ വിടാനെത്തിയ യുവതിയാണ് കമല്‍ ധ്യാനിയും ബൈക്കും കുഴിയില്‍ കിടക്കുന്നത് കണ്ടതും പൊലീസിനെ അറിയിച്ചതും. ”രാവിലെ എട്ടുമണിയോടെ മകനെ സ്‌കൂളിലേക്ക് വിടാന്‍ പോയപ്പോഴാണ് കുഴിയില്‍ ബൈക്ക് വീണു കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ സെക്യൂരിറ്റി ഗാര്‍ഡിനെ അറിയിച്ചു. അയാള്‍ അക്കാര്യം ഗൗനിച്ചില്ല (രാത്രിയില്‍ ഉണ്ടായിരുന്ന ഗാര്‍ഡ് അപ്പോഴേക്കും മാറിയിരുന്നു). കൂടുതല്‍ ആളുകള്‍ എത്തിയപ്പോള്‍ അവരോട് പൊലീസിനെ അറിയിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അനങ്ങിയില്ല. പിന്നാലെയാണ് അവര്‍തന്നെ പൊലീസിനെ വിളിച്ച് അറിയിച്ചത്” – യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

‘പലരെയും വിളിച്ചു, പൊലീസിനെയൊഴികെ

സംഭവ സ്ഥലത്ത് രാത്രിതന്നെയെത്തിയ പ്രജാപതി രണ്ടു-മൂന്നുപേരെ വിളിച്ചു. പക്ഷേ, പൊലീസിനെ വിളിച്ചില്ല. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ താന്‍ പേടിച്ചുപോയെന്നായിരുന്നു പ്രജാപതിയുടെ വിശദീകരണം. കോവിഡിനുശേഷമാണ് കണ്‍സ്ട്രക്ഷന്‍ രംഗത്തേക്ക് ഇറങ്ങിയത് എന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞി. രാത്രി പ്രജാപതി വിളിച്ചവരെ ചോദ്യം ചെയ്യാനിരിക്കുകയാണ് പൊലീസ്.

അതേസമയം, ജനുവരി 5ന് ഉച്ചയ്ക്കുശേഷമാണ് ഇവിടെ കുഴിയെടുത്തതെന്ന് വ്യക്തമായി. നേരത്തേ ഇതിനടുത്ത് ഒരു കുഴിയുണ്ടായിരുന്നത് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഇതു പുതിയ കുഴിയായിരുന്നു. മുന്നറിയിപ്പു ബോര്‍ഡുകള്‍ വച്ചിരുന്നുമില്ല.

സ്ഥലത്ത് ബാരിക്കേഡുകളോ മുന്നറിയിപ്പ് ചിഹ്നങ്ങളോ റിഫ്‌ലക്ടറുകളോ വെളിച്ചമോ സ്ഥാപിക്കാത്തതില്‍ ഡല്‍ഹി ജലബോര്‍ഡും കരാറുകാരും വീഴ്ച വരുത്തിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കുഴികള്‍ മരണകാരണമാകുമെന്നു വ്യക്തമായിരുന്നെങ്കിലും കരുതല്‍ നടപടികള്‍ എടുക്കുകയോ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയോ ചെയ്യാത്തതും വീഴ്ചയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights