ക്ഷേമനിധി തട്ടിപ്പിന് കൂട്ട് ചില MVD ഉദ്യോഗസ്ഥർ, കൂടെ ഇടനിലക്കാരും

തിരുവനന്തപുരം: മോട്ടോര്‍വാഹന ക്ഷേമനിധി കുടിശ്ശിക തട്ടിപ്പിന് മോട്ടോര്‍വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥരും കൂട്ട്. ‘വാഹന്‍’ സോഫ്‌റ്റ്വേറിലെ പിഴവ് മുതലെടുത്താണ് ക്ഷേമനിധി കുടിശ്ശികയുള്ള വാഹനങ്ങളുടെ സേവനവിലക്ക് മാറ്റുന്നത്. നികുതിക്കുടിശ്ശികയെത്തുടര്‍ന്ന് ജപ്തി നേരിടുന്ന വാഹങ്ങള്‍ക്കും ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവയ്ക്കും നിയമവിരുദ്ധമായി ഉദ്യോഗസ്ഥര്‍ ഇളവ് നല്‍കുന്നുണ്ട്.
കോമ്പൗണ്ടിങ് ഫീസ് സ്വീകരിക്കാന്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യമാണ് ദുരുപയോഗം ചെയ്യുന്നത്. കൗണ്ടറുകളുടെ ചുമതലയുള്ള ചില ജീവനക്കാരാണ് ഇടനിലക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നത്. അധിക നികുതി, ഫീസ് തുടങ്ങി വാഹനരേഖകള്‍ പരിശോധിച്ച് തുക കണക്കാക്കി ഈടാക്കുന്നതിനാണ് കോമ്പൗണ്ടിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.ഇങ്ങനെ കണക്കാക്കിയ തുക അടയ്ക്കാന്‍ കൗണ്ടര്‍ ക്ലാര്‍ക്ക് യൂസര്‍നെയിമും പാസ്വേഡും നല്‍കും. ഇതുപയോഗിച്ച് ഓണ്‍ലൈനില്‍ തുകയടച്ച് രസീത് ഹാജരാക്കുമ്പോള്‍ സേവനവിലക്ക് നീക്കും. ഓഫീസ് മേലധികാരിയുടെ അനുമതിയോടെയാണ് കോമ്പൗണ്ടിങ് ഫീസ് സ്വീകരിക്കേണ്ടത്. എന്നാല്‍, ഓഫീസ് മേധാവി അറിയാതെയും ഉദ്യോഗസ്ഥര്‍ക്ക് ഇത് ചെയ്യാനുള്ള സൗകര്യം സോഫ്‌റ്റ്വേറിലുണ്ട്.ദേവികുളം, മാനന്തവാടി, പെരുമ്പാവൂര്‍, പാല, കരുനാഗപ്പള്ളി ഓഫീസുകളില്‍ സേവനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വാഹനങ്ങള്‍ക്ക് കൊല്ലം ആര്‍.ടി.ഓഫീസില്‍നിന്ന് ഇത്തരത്തില്‍ വിലക്ക് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ജപ്തി നടപടികളിലേക്ക് നീങ്ങിക്കഴിഞ്ഞാല്‍ വില്ലേജ് ഓഫീസുകളിലാണ് തുക അടയ്ക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights