തിരുവനന്തപുരം: പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട പ്രതികരണം വിവാദമായതോടെ മലക്കം മറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാഠപുസ്തക വിതരണം നേരത്തേ നടത്തുന്നത് തുഗ്ലക്ക് പരിഷ്‌ക്കാരമെന്നായിരുന്നു രമേശ് ചെന്നിത്തല ആദ്യം പറഞ്ഞത്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. രമേശ് ചെന്നിത്തലക്കെതിരെ സോഷ്യൽ മീഡിയയിലും വിമർശനം ഉയർന്നു. ഇതോടെ പാഠപുസ്തകം നേരത്തേ വിതരണം ചെയ്യുന്നതിനെ അല്ല വിമര്‍ശിച്ചത് എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് വിതരണം ചെയ്യുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇതിനിടെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം വന്നത്. ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പാഠപുസ്തക വിതരണം നേരത്തേ നടത്തുന്നതിനെതിരെ രമേശ് ചെന്നിത്തല രംഗത്തെത്തിയത്. അടുത്ത ക്ലാസിലേക്ക് ജയിച്ചോ എന്നറിയാതെയാണ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ‘എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥി ഒന്‍പതാം ക്ലാസിലേക്ക് ജയിച്ചോ എന്ന് തീരുമാനിച്ചിട്ടില്ലല്ലോ?. ശിവന്‍കുട്ടിയാണോ ഇക്കാര്യം തീരുമാനിക്കുന്നത്. പരീക്ഷാ പേപ്പര്‍ നേക്കണ്ടേ?. എന്തെല്ലാം തുഗ്ലക്ക് പരിഷ്‌കാരങ്ങളാണ്?. തങ്ങള്‍ പുസ്തകം നേരത്തേ അടിച്ചു എന്ന് ബോധ്യപ്പെടുത്താനാണ് ശ്രമം. അതെന്താ വലിയ ഭരണനേട്ടമാണോ?. കേരളത്തില്‍ നേരത്തേ പുസ്തകം കൊടുത്തിട്ടില്ലേ?, പണ്ട് എഴുത്തോലയിലായിരുന്നു എഴുതി പഠിച്ചിരുന്നത്’, എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. ‘മഴവില്ലിലെ വര്‍ണങ്ങളെ കുറിച്ച് പഠിപ്പിക്കാന്‍ ടെക്സ്റ്റ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികളെ കാണിച്ചവരാണ് പാഠപുസ്തകം നേരത്തെ എത്തിച്ചപ്പോള്‍ ‘തുഗ്ലക്ക് പരിഷ്‌കാരം’ എന്ന് പറയുന്നത്’ എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. പിന്നാലെ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലക്കെതിരെ വിമർശനം ഉയർത്തി.
‘പാഠപുസ്തകം നേരത്തേ കൊടുക്കുന്നതില്‍ കുഴപ്പമില്ല’; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ മലക്കം മറിഞ്ഞ് രമേശ് ചെന്നിത്തല









