ബെഡ്‌റൂമിലെ എസിയില്‍ നിന്ന് അഞ്ച് പാമ്പുകളെ പിടികൂടി, പുറത്തെടുത്തത് ഒന്നര മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍

തിരുവനന്തപുരം: ബെഡ്‌റൂമില്‍ സ്ഥാപിച്ചിരുന്ന എസി യൂണിറ്റില്‍ നിന്ന് അഞ്ചോളം പാമ്പുകളെ പിടികൂടി.ശ്രീകാര്യം ചെറുവയ്ക്കല്‍ താമസിക്കുന്ന ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ മാധവ് ജെ പണിക്കരുടെ ബെഡ്‌റൂമിലെ എസിക്കകത്ത് നിന്നാണ് പാമ്പുകളെ പിടികൂടിയത്.

ഓഫീസ് വിട്ട് വൈകുന്നേരം വീട്ടില്‍ എത്തിയ മാധവ് ബെഡ്‌റൂം തുറന്നപ്പോള്‍ എസിയുടെ താഴ്‌വശത്ത് ഒരു വാല്‍ മറയുന്നത് കണ്ടത്. സംശയം തോന്നി എ സിക്ക് സമീപം ചെന്നപ്പോള്‍ അകത്ത് ചെറിയ ശബ്ദം കേള്‍ക്കാനായി. ടോര്‍ച്ച് അടിച്ചു നോക്കിയപ്പോള്‍ ഒരു പാമ്പിന്റെ വയറിന്റെ ഭാഗം കണ്ടു. ഉടന്‍ തന്നെ വാവാ സുരേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ കിട്ടിയില്ല. പിന്നെ ഫോറസ്റ്റ് ഡിപാര്‍ട്‌മെന്റിലെ സ്‌നേക്ക് റസ്‌ക്യൂ ഓഫീസര്‍ രോഷിനിയെ വിവരം അറിയിക്കുകയായിരുന്നു.രോഷിനിയുടെ നിര്‍ദ്ദേശപ്രകാരം സര്‍പ്പയിലെ സ്‌നേക്ക് ക്യാച്ചര്‍ ഗൗതം ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തി. ടോര്‍ച്ച് തെളിച്ചു നോക്കിയപ്പോള്‍ കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണ് എന്ന് മനസ്സിലാക്കി. എസി ഇളക്കി മാറ്റാതെ ഇതിനെ പിടിക്കാന്‍ കഴിയില്ല എന്നു മനസ്സിലാക്കി എ സി ടെക്കിനിഷനെ വിളിച്ചു വരുത്തി. എസി തുറന്നപ്പോള്‍ 5-ഓളം വില്ലൂന്നി പാമ്പുകള്‍ ഉള്ളില്‍ കണ്ടു. എസിയുടെ ഔട്ടര്‍ വാട്ടര്‍ പൈപ്പിനു സമീപം ചുമരില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളില്‍ എത്തിയത്. ഒന്നര മണിക്കൂര്‍ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി. ഒരെണ്ണം ഔട്ടര്‍ പൈപ്പിന്റെ സൈഡിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. മരചില്ലകള്‍ വീടിന്റെ ടെറസ്സില്‍ താഴ്ന്ന് കിടന്നതുകൊണ്ടാണ് ഇവയ്ക്ക് വീട്ടിലെ എസി ക്കുള്ളില്‍ കയറാന്‍ കഴിഞ്ഞത് എന്നാണ് സര്‍പ്പയിലെ സ്‌നേക്ക് ക്യാച്ചര്‍ ഗൗതം പറഞ്ഞത്. വീടിനോട് ചാഞ്ഞ് കിടക്കുന്ന മരച്ചില്ലകള്‍ വെട്ടികളയേണ്ടത് ഒരു പ്രധാന കാര്യമാണ്. പിടികൂടിയ പാമ്പുകളെ പിന്നീട് ദൂരെയുള്ള ആള്‍പാര്‍പ്പില്ലാത്ത തുറസ്സായ കുറ്റി കാട്ടിലേക്ക് തുറന്നു വിട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights