മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 28ന് – 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

 

കല്‍പറ്റ: മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായ ഭവനങ്ങളുടെ ആദ്യഘട്ട കൈമാറ്റത്തിന് ഒരുക്കങ്ങളായി. ഫെബ്രുവരി 28ന് പ്രൊജക്ട് സൈറ്റില്‍ നടക്കുന്ന ചടങ്ങില്‍ 51 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറുക. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി മുഖ്യാതിഥിയായിരിക്കും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ദേശീയ സംസ്ഥാന ഭാരവാഹികളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും. മുട്ടില്‍ ഡബ്ല്യു.എം.ഒ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആദ്യഘട്ടത്തില്‍ കൈമാറുന്ന 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ഗുണഭോക്താക്കളുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. ആകെ 105 വീടുകളാണ് പദ്ധതിയിലുള്ളത്. ബാക്കി വീടുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കി മെയ് 31നകം ഗുണഭോക്താക്കള്‍ക്ക് കൈമാറും.
സെപംത്ബര്‍ ഒന്നിനാണ് വീടുകളുടെ പ്രവൃത്തി ഉദ്ഘാടനം നട
ന്നത്. അഞ്ച് മാസത്തിനകം 51 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെളളിത്തോട് പ്രദേശത്ത് നേരത്തെ വാങ്ങിയ 11. 5 ഏക്കര്‍ സ്ഥലത്താണ് വീടുകളുടെ നിര്‍മ്മാണം. ദുരന്തബാധിതരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മേപ്പാടി പഞ്ചായത്തില്‍ തന്നെ പദ്ധതിക്കായി സ്ഥലം വാങ്ങിയത്. മൂന്ന് കിടപ്പുമുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉള്‍പ്പെടുന്ന 1100 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് നല്‍കുന്നത്. ശുദ്ധജലവും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് വീടുകള്‍ക്കായുളള സ്ഥലം ഏറ്റെടുത്തത്. പ്രധാന റോഡിനോട് ചേര്‍ന്ന് മനോഹരമായ പ്രദേശത്താണ് ടൗണ്‍ഷിപ്പ് ഒരുങ്ങിയത്. ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ചടങ്ങ് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. ഉപസമിതി കണ്‍വീനര്‍ പി.കെ ബഷീര്‍ എം.എല്‍.എ സമിതി അംഗങ്ങളായ സി. മമ്മൂട്ടി, പി.കെ ഫിറോസ്, ടി.പി.എം ജിഷാന്‍, പി. ഇസ്മായില്‍, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍, പി.എം.എ സമീര്‍, വയനാട് ജില്ലാ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ്, ട്രഷറര്‍ പി കെ അബൂബക്കര്‍, ജില്ലാ ഭാരവാഹികളായ എന്‍ കെ റഷീദ്, റസാഖ് കല്‍പ്പറ്റ, യഹ്യ ഖാന്‍ തലക്കല്‍, എന്‍ നിസാര്‍ അഹമ്മദ്, അബ്ദുല്ല മാടക്കര, പി പി അയ്യൂബ്, കെ ഹാരിസ്, വി അസൈനാര്‍ ഹാജി, നിയോജകമണ്ഡലം ഭാരവാഹികളായ എം എ അസൈനാര്‍, സലീം മേമന, അസീസ് കോറോം, കടവന്‍ ഹംസ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

സന്ദര്‍ശകര്‍ക്ക് നിയന്ത്രണം മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കായി ആദ്യഘട്ടത്തില്‍ മുസ്ലിംലീഗ് കൈമാറുന്ന ഭവനങ്ങളുടെ അവസാനവട്ട മിനുക്ക് പണികള്‍ ഭംഗിയായി പൂര്‍ത്തീകരിക്കുന്നതിന് പ്രവര്‍ത്തകര്‍ സഹകരിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വയനാട്ടിലെത്തുന്ന പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും എന്നാല്‍ ഇനിയുള്ള സന്ദര്‍ശനം ഫെബ്രുവരി 28ന് ശേഷം മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. ഭംഗിയിലും വൃത്തിയിലും വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറാനും അവസാന വട്ട ഒരുക്കങ്ങള്‍ നന്നായി പൂര്‍ത്തീകരിക്കാനും സന്ദര്‍ശകരുടെ ബാഹുല്യം പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് എല്ലാ പ്രവര്‍ത്തകരും ഫെബ്രുവരി 28ന് ഉദ്ഘാടന ശേഷം മാത്രം പ്രൊജക്ട് സൈറ്റ് സന്ദര്‍ശനത്തിന് സമയം കണ്ടെത്തണമെന്ന് പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights