മലയാളികളുടെ പ്രിയപ്പെട്ട ഗായകരിൽ ഒരാളാണ് മധു ബാലകൃഷ്ണൻ. അദ്ദേഹം പാടിയ പല പാട്ടുകളും സംഗീത പ്രേമികളെ അമ്പരപ്പിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനാണ്. ശ്രീശാന്തിനെക്കുറിച്ച് മധു ബാലകൃഷ്ണൻ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.ശ്രീശാന്തുമായി കുട്ടിക്കാലം മുതലേയുള്ള ബന്ധമാണെന്നും അദ്ദേഹത്തിനും പാട്ടും ഡാൻസുമൊക്കെ വലിയ ഇഷ്ടമാണെന്ന് പറയുകയാണ് മധു. ഫ്രെയ്മെക്സ് സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ മുതലേ ശ്രീശാന്തിനെ എനിക്കറിയാം. കോതമംഗലത്ത് ആണ് അവരുടെ നാട്.
ഞാൻ എപ്പോൾ അവിടെ ചെന്നാലും എന്റെ കൂടെ തന്നെയുണ്ടാകും. പാട്ടൊക്കെ വളരെ ഇഷ്ടമുള്ള ആളാണ്. ഡാൻസിലും വരയ്ക്കാനുമൊക്കെ നല്ല കഴിവുണ്ട് ശ്രീശാന്തിന്. പാട്ടുകളെഴുതാനും. കുട്ടിക്കാലത്ത് അത്രയും പാട്ടൊന്നും എഴുതില്ലായിരുന്നുവെങ്കിലും പാട്ടിനോടും ഡാൻസിനോടും വലിയ ഇഷ്ടമായിരുന്നു.ബ്രേക്ക് ഡാൻസ് ട്രെൻഡായിരുന്ന സമയത്ത് അത് പഠിക്കുകയും അരങ്ങേറ്റം ചെയ്യുകയുമൊക്കെ ചെയ്തിരുന്നു. ഞങ്ങളിപ്പോൾ കാണുമ്പോഴും ഒരുമിച്ചിരുന്ന് പാട്ടൊക്കെ പാടി, ശ്രീ എഴുതുന്ന വരികൾക്ക് ട്യൂണൊക്കെ ചെയ്ത് അങ്ങനെയാണ് ഞങ്ങൾ മിക്കപ്പോഴും കാണുമ്പോൾ. ആ ബന്ധം അതുപോലെ തന്നെ തുടരുന്നു”. – മധു ബാലകൃഷ്ണൻ പറഞ്ഞു.









