ന്യൂഡൽഹി: യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കുമെന്ന് സുപ്രീംകോടതി താകീത് നൽകി. സ്വകാര്യ വിമാനക്കമ്പനികൾ തോന്നുംപടി നിരക്ക് വർധിപ്പിക്കുന്നതിനെതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. കേന്ദ്ര സർക്കാർ മാർഗ്ഗരേഖകൾ പോലും വിമാനക്കമ്പനികൾ പാലിക്കുന്നില്ലെന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ വിമാന നിരക്ക് നിയന്ത്രണത്തിനുള്ള പുതിയ മാർഗ്ഗരേഖകൾ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഹർജി സെപ്റ്റംബർ ഏഴിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
അതേസമയം, വേനലവധി കഴിഞ്ഞ് ഗൾഫിലെ സ്‌കൂളുകൾ തുറക്കാനിരിക്കെ, കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. ഓഗസ്റ്റ് അവസാനത്തോടെയും സെപ്റ്റംബർ ആദ്യവാരത്തിലും പ്രവാസികൾ കൂട്ടത്തോടെ മടങ്ങിയെത്താൻ ശ്രമിക്കുന്നതാണ് ടിക്കറ്റ് നിരക്കിൽ വൻ വർധനവുണ്ടാക്കിയത്. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ നിലനിന്നിരുന്നതിനാൽ പല പ്രവാസികളും ഉയർന്ന നിരക്ക് കാരണം വൺവേ ടിക്കറ്റെടുത്താണ് അവധിക്കാലത്ത് നാട്ടിലേക്ക് പോയത്. എന്നാൽ തിരിച്ചുവരുന്ന സമയത്ത് ഇത്രയും വലിയ തുകയാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇത് പ്രവാസികൾക്ക് ഇരട്ടി ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.









