ശനിയാഴ്ച പുലര്‍ച്ചെ കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ ഹനൂര്‍ താലൂക്കിലാണ് സംഭവം. ആന്റണി സാമി, ജോണ്‍ റോസ് പീറ്റര്‍, കുമാര്‍ എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മഹിമ ദാസ് എന്നയാള്‍ പരിക്കേറ്റ് ചികിത്സയിലാണ്. വേട്ടയാടല്‍ തടയുന്നതിന്റെ ഭാഗമായാണ് വെടിവെപ്പുണ്ടായതെന്നും, കൊല്ലപ്പെട്ടവരുടെ പക്കല്‍ തോക്കും മാന്‍ ഇറച്ചിയും ഉണ്ടായിരുന്നു എന്നുമാണ് കര്‍ണാടക വനംവകുപ്പിന്റെയും ആഭ്യന്തരമന്ത്രിയുടെയും അവകാശവാദം. എന്നാല്‍ ഈ വാദം ഇരകളുടെ കുടുംബങ്ങളും രക്ഷപ്പെട്ടയാളും പൂര്‍ണ്ണമായി തള്ളി. കാണാതായ കന്നുകാലികളെ അന്വേഷിച്ച് വനത്തില്‍ പ്രവേശിച്ച കര്‍ഷകരാണ് ഇവരെന്ന് അവര്‍ വ്യക്തമാക്കി.
സംഭവത്തെ കൂട്ടക്കൊല എന്നാണ് വിജയ് വിശേഷിപ്പിച്ചത്. നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം നടത്താന്‍ ഉന്നതതല സമിതിയെ നിയോഗിക്കണമെന്നും ഇരകളുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കര്‍ണാടക സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം എക്‌സ് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. ഡിഎംകെ, സിപിഐ, സിപിഎം, പിഎംകെ, എംഎംകെ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.മനുഷ്യജീവന് യാതൊരു വിലയും നല്‍കാതെയാണ് ഈ കൊലപാതകങ്ങള്‍ നടത്തിയതെന്ന് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്‍ ആരോപിച്ചു. കര്‍ണാടക വനംവകുപ്പ് കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, കുറ്റക്കാര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നും സുതാര്യമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ഓരോ കുടുംബത്തിനും അര്‍ഹമായ നഷ്ടപരിഹാരവും കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇടപെടണമെന്നും സ്റ്റാലിന്‍ അഭ്യര്‍ഥിച്ചു.









