കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പടനായര്‍കുളങ്ങര തെക്ക് നൗഷാദ് മന്‍സിലില്‍ ബിലാല്‍ (12) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊതുമുക്ക് പാലത്തിന് അടിയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ശനിയാഴ്ച വൈകീട്ടാണ് ബിലാലിനെ കാണാതായത്.പടനായര്‍കുളങ്ങര വെല്‍ഫെയര്‍ യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. ശനിയാഴ്ച വൈകീട്ട് വീട്ടില്‍ നിന്നും ഫുട്‌ബോള്‍ കളിക്കാനായി പോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. കുട്ടിയുടെ സൈക്കിളും ജഴ്‌സിയും വീടിന് അടുത്തുള്ള കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തു നിന്നും ലഭിച്ചിരുന്നു.
ഇതോടെയാണ് കന്നേറ്റി കായലില്‍ തിരച്ചില്‍ തുടങ്ങിയത്. ശനിയാഴ്ച രാത്രി ഏറെ വൈകിയും ഞായറാഴ്ചയും തിരച്ചില്‍ തുടര്‍ന്നിരുന്നു. കരുനാഗപ്പള്ളി അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ കൊല്ലത്തുനിന്നുള്ള സ്‌കൂബാടീമും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തി. ഫയര്‍ഫോഴ്‌സ് സ്‌കൂബാ സംഘം ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.









