‘ജയിലിന് പുറത്തുനിന്നും സഹായം ലഭിച്ചിട്ടില്ല’; ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ അന്വേഷണം അന്തിമഘട്ടത്തിൽ

തിരുവനന്തപുരം: സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ പൊലീസ് അന്വേഷണം അന്തിമഘട്ടത്തില്‍. ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായര്‍ ഗോവിന്ദച്ചാമിയുടെ മൊഴിയെടുത്തു. പരോളില്ലാത്തതും നല്ല ഭക്ഷണം ലഭിക്കാത്തതുമാണ് ജയില്‍ ചാട്ടത്തിന് കാരണമെന്നാണ് ഗോവിന്ദച്ചാമി നല്‍കിയ മൊഴി. ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ജയിലിന് പുറത്തുനിന്നും ഗോവിന്ദച്ചാമിയ്ക്ക് സഹായം ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.സംഭവം നടന്ന് ആറുമാസം കഴിഞ്ഞിട്ടും അന്തിമ കുറ്റപത്രം നല്‍കിയിട്ടില്ല. കൂടുതല്‍ പേരെ ചോദ്യംചെയ്തുവരികയാണ് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സസ്‌പെന്‍ഷനിലായ ജയില്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചതോടെയാണ് നാല് ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിച്ചത്. കണ്ണൂരില്‍ നിന്ന് മാറ്റി മറ്റ് ജയിലുകളിലേക്കാണ് ഇവരെ നിയോഗിച്ചത്.വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നും ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നും ജയില്‍ ഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നാല് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights