‘പോറ്റിയുമായി നല്ല ബന്ധമുണ്ടായിരുന്നു’; തട്ടിപ്പിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ജയറാമിന്റെ മൊഴി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തട്ടിപ്പിനെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് നടൻ ജയറാമിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നല്ല ബന്ധത്തിലായിരുന്നു. ശബരിമലയിൽ നിന്നാണ് ബന്ധം തുടങ്ങിയതെന്നും പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നും ജയറാം പറഞ്ഞു.

ശബരിമലയിലെ വിശ്വാസി എന്ന നിലയ്ക്കാണ് ചടങ്ങുകളിൽ പങ്കെടുത്തത്. വീട്ടിലേക്ക് സ്വർണപ്പാളികൾ എത്തിച്ച് പൂജ നടത്തിയപ്പോൾ ദക്ഷിണ കൊടുത്തു. മറ്റ് ഇടപാടുകൾ ഇല്ലെന്നും ജയറാം ഇ ഡിക്ക് മൊഴി നൽകി. ജയറാമിൻ്റെ മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഇ ഡി അറിയിച്ചു.

ഇഡിയുടെ കൊച്ചി സോണൽ ഓഫീസിൽ വെച്ച് ഇന്ന് രാവിലെയാണ് നടൻ ജയറാമിനെ ഇ ഡി ചോദ്യം ചെയ്തത്. സാക്ഷി എന്ന നിലയിലാണ് ഇപ്പോൾ ജയറാമിനെ ചോദ്യം ചെയ്തത്. ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണെന്നായിരുന്നു ചോദ്യം ചെയ്യലിനെത്തിയ ജയറാം പ്രതികരിച്ചത്. അവിടെ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിലെ സത്യം പൂർണമായും പുറത്തുകൊണ്ടുവരണമെന്നും ജയറാം പറഞ്ഞിരുന്നു.

‘ശബരിമല മലയാളികളെ സംബന്ധിച്ച് പ്രത്യേക വികാരമാണ്. എത്രയോ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണ്. ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിൽ സത്യം 100 ശതമാനം വെളിച്ചത്തുകൊണ്ടുവരണം. അതിൽ ബന്ധപ്പെട്ടിട്ടുള്ളവരെ വെളിച്ചത്തു കൊണ്ടുവരാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ആ മലയാളികളുടെ കൂട്ടത്തിൽ പെട്ട ആളാണ് ഞാനും,’ ജയറാം പറഞ്ഞു.

 

കഴിഞ്ഞ 38 വർഷമായി കേരളത്തിൽ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളിൽ പല പരിപാടികളിൽ ആദ്യം ക്ഷണിക്കുന്നത് തന്നെയാണെന്നും അതിന് പോകാറുണ്ടെന്നും ജയറാം പറഞ്ഞു. അതേ രീതിയിൽ തന്നെയാണ് ഇപ്പോൾ അന്വേഷണം നടക്കുന്ന പരിപാടിക്ക് പോയതെന്നും ജയറാം പറഞ്ഞു. ഈ കേസിൽ കൂടുതൽ പേർ കുടുങ്ങാനുണ്ടെങ്കിൽ അവരെല്ലാം കുടുങ്ങട്ടെ എന്നും അയ്യപ്പൻ ആരെയും വെറുതെ വിടില്ല എന്നും നടൻ കൂട്ടിച്ചേർത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights