‘നാഴികയ്ക്ക് 40 വട്ടം ദലിത് പ്രേമം പറയുന്ന വേടൻ എന്തേ ഒരു ദലിത് പെൺകുട്ടിക്ക് ജീവിതം കൊടുക്കാത്തത്!’; വിവാഹത്തിന് പിന്നാലെ വേടനെതിരെ സൈബർ ആക്രമണം

റാപ്പര്‍ വേടനും (ഹിരണ്‍ദാസ് മുരളി) എഴുത്തുകാരി നവമിലതയും തമ്മിലുള്ള വിവാഹം വലിയ വാര്‍ത്തയായി മാറിയിരുന്നു. തൃശൂരിലെ വേടന്റെ വീട്ടില്‍വച്ചാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ലളിതമായി നടന്ന വിവാഹത്തില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എല്ലാവരുടെയും അനുഗ്രഹമുണ്ടായിരുന്നതു കൊണ്ട് പ്രതീക്ഷിച്ചതിലും അടിപൊളിയായി വിവാഹം നടന്നു എന്ന് വേടന്‍ പറഞ്ഞു.

വിവാഹത്തിന് പിന്നാലെ വേടനെതിരെ സൈബര്‍ ആക്രമണവും ഉയരുകയാണ്. വേടനെയും ജീവിത പങ്കാളിയെയും അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകളടക്കമാണ് വിവാഹ വിഡിയോയുടെയും ചിത്രങ്ങളുടെയും താഴെ ഉയരുന്നത്.

‘നാഴികയ്ക്ക് 40 വട്ടം ദളിത് പ്രേമം പറയുന്ന വേടന്‍ എന്തേ, ഒരു ദളിത് പെണ്‍കുട്ടിക്ക് ജീവിതം കൊടുക്കാത്തത്’, ‘ഇവന് ഇനി സവര്‍ണനെ അധിക്ഷേപിക്കാന്‍ യോഗ്യതയില്ല ഇവന്‍ ഇപ്പോള്‍ സവര്‍ണ്ണന്‍ ആയില്ലേ ?’, ‘വേടനാണങ്കിലും ഇഷ്ടം വെളുത്ത പെണ്ണിനെ… പ്രവൃത്തി ഒന്ന് മനസില്‍ വേറൊന്ന്’, കറുപ്പ് അവഗണന കൂടെയുള്ള വെളുപ്പ് മുന്‍ഗണന’, ‘കറുപ്പു വിറ്റ് കാശാക്കിയ ആളിനു കറുത്ത പെണ്ണിനെ അലര്‍ജി… പണത്തിന്റെ ഒരു പവറ്.’ – എന്നൊക്കെയാണ് വേടന്റെ വിഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെ നിറയുന്ന കമന്റുകള്‍.

അതേസമയം വേടനെ പരിഹസിക്കുന്നവര്‍ക്ക് ശക്തമായ മറുപടി പറയുന്നവരും ഏറെയുണ്ട്. ‘കറുപ്പിന്റെ രാഷ്ട്രീയവും ജാതിവിരുദ്ധതയും പറയുന്ന ഒരാള്‍ വെളുത്ത പെണ്‍കുട്ടിയെ പ്രേമിച്ചു വിവാഹം കഴിച്ചു എന്നതില്‍ എന്താണ് തെറ്റുള്ളത് ?’- എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അതേസമയം വിവാഹശേഷം വേടന്‍ തന്റെ കൂടെ നില്‍ക്കുന്ന എല്ലാവരോടും നന്ദി അറിയിച്ചിരുന്നു.

‘ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷത്തിലാണ് നില്‍ക്കുന്നത്. എന്റെ വിജയത്തിലടക്കം കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദിയുണ്ട്. പ്രതീക്ഷിച്ചതിലും അടിപൊളിയായി കാര്യങ്ങളൊക്കെ നടന്നിട്ടുണ്ട്. അതിന് കാരണം നിങ്ങളുടെ അനുഗ്രഹമാണ്. എന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുള്ള ഒരുപാട് ആരാധകരുണ്ടായിരുന്നു.

എല്ലാവരുടെയും വിഷമം മനസ്സിലാകും. പക്ഷേ ഇതൊരു കുഞ്ഞ് പരിപാടിയായിരുന്നു. എന്റെ വീടു പോലും അലങ്കരിച്ചിട്ടില്ല ഞാന്‍. അത്രയും കുഞ്ഞ് പരിപാടിയായിരുന്നു. ഞങ്ങള്‍ രണ്ട് പേര് മാത്രമാണ് സുന്ദരന്മാരായി വന്നിട്ടുള്ളത്. എന്റെ ആരാധകര്‍ക്ക് അത് മനസിലാകും. ഭരണഘടനയെ സാക്ഷിയാക്കിയാണ് ഞങ്ങള്‍ വിവാഹം കഴിച്ചിരിക്കുന്നത്. അത് ഭാവിയില്‍ നമ്മുടെ മക്കള്‍ക്കെല്ലാവര്‍ക്കും ഉപകരിക്കുമെന്ന് കരുതുന്നു.”- വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights