ആണ്‍വേഷം കെട്ടി മിനിലോറിയില്‍ ക്ലീനറായി ജോലിക്ക് പോയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; വയനാട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: ജീവിതപ്രയാസങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ആണ്‍വേഷം കെട്ടി മിനിലോറിയില്‍ ക്ലീനറായി ജോലിക്കിറങ്ങിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വയനാട് മീനങ്ങാടി സ്വദേശി സനോജ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. ആണ്‍സുഹൃത്തായ പ്രതിയില്‍ നിന്ന് ക്രൂരമായ അതിക്രമം നേരിട്ട പെണ്‍കുട്ടിയെ റെയില്‍വേ പൊലീസാണ് രക്ഷപെടുത്തിയത്. ജൂണ്‍ രണ്ടിന് വയനാട്ടില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. മാനസികരോഗിയായ അമ്മ മാത്രമുള്ള പെണ്‍കുട്ടി അമ്മയുടെ സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ അവിടെ ജീവിതം സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ആണ്‍വേഷത്തില്‍ തൊഴില്‍തേടിയിറങ്ങാന്‍ കുട്ടി തീരുമാനിച്ചത്. തുടര്‍ന്ന് സനോജിനൊപ്പം ക്ലീനറായി മിനിലോറിയില്‍ പുറപ്പെട്ട് കോഴിക്കോട്ടെത്തി. അവിടെ ലോഡ്ജില്‍ വെച്ച് പ്രതി പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട് ഇറങ്ങിയോടിയ പെണ്‍കുട്ടി പിന്നീട് സനോജുമായി വീണ്ടും കണ്ടുമുട്ടി പ്രശ്‌നം പരിഹരിച്ച് യാത്ര തുടര്‍ന്നു. എന്നാല്‍ ലോറി കോട്ടയത്തെത്തിയപ്പോള്‍ പ്രതി വീണ്ടും ലൈംഗികാതിക്രമം നടത്തി. ഇതോടെ വീണ്ടും രക്ഷപ്പെട്ട പെണ്‍കുട്ടി കോട്ടയം റെയില്‍വേ സ്റ്റേഷന്‍ വഴി ട്രെയിനില്‍ കയറി ഷൊര്‍ണൂരില്‍ എത്തുകയായിരുന്നു. ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ആണ്‍കുട്ടിയുടെ വേഷത്തില്‍ അസ്വാഭാവികമായ രീതിയില്‍ യാത്ര ചെയ്ത കുട്ടിയെ പൊലീസുകാരന്‍ ശ്രദ്ധിച്ചതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലില്‍ തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചപ്പോഴാണ് പെണ്‍കുട്ടിയാണെന്ന് വ്യക്തമായത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയുടെ കേസ് തുടരന്വേഷണത്തിനായി വയനാട് മീനങ്ങാടി പൊലീസിന് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights