ടെഹ്റാന്‍: ഇസ്രയേല്‍ – യുഎസ് ആക്രമണത്തിന് പിന്നാലെ സംഘര്‍ഷഭരിതമായ പശ്ചിമേഷ്യയില്‍ ആക്രമണവുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി ഇറാന്‍. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കി.
കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവിന്റെ കാല്‍പ്പാടുകള്‍ പിന്തുടരും. ഇറാന്‍ സൈന്യം ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങള്‍ ശക്തമായി തന്നെ തുടരും. ശത്രു സൈനിക താവളങ്ങള്‍ നശിപ്പിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചു. ഇറാന്‍ പരമോന്നത നേതാവിന്റെ വര്‍ഷങ്ങള്‍ നീണ്ട ത്യാഗത്തിന്റെ പരിസമാപ്തിയാണ് രക്തസാക്ഷിത്വമെന്നും ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. സ്റ്റേറ്റ് ടെലിവിഷന് നല്‍കിയ പ്രതികരണത്തിലാണ് പെസെഷ്‌കിയാന്‍ നിലപാട് വ്യക്തമാക്കുന്നത്.
ഇറാന്‍ നടത്തുന്ന പ്രതിരോധത്തിന് നിയന്ത്രണങ്ങളോ പരിധികളോ ഇല്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി. നിലവിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ ഇറാന്‍ ഭരണഘടനാപരമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ട്രാന്‍സിഷണല്‍ കൗണ്‍സില്‍ സ്ഥാപിച്ചു കഴിഞ്ഞെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, ഖമേനിയുടെ മരണത്തിന് പിന്നാലെ ?ഗള്‍ഫ് രാജ്യങ്ങളിലേക്ക് ശക്തമായ വ്യോമാക്രമണം നടത്തി ഇറാന്‍. യുഎസ് നിക്ഷേപങ്ങളുള്ള പ്രദേശങ്ങളിലാണ് ഇറാന്‍ പ്രത്യാക്രമണം തുടരുന്നത്. ദുബായ്, യുഎഇ, ബഹ്‌റൈന്‍ തലസ്ഥാനമായ മനാമ, ദോഹ എന്നിവിടങ്ങളില്‍ ഞായറാഴ്ച രാവിലെ ശക്തമായ ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ദോഹയുടെ തെക്കന്‍ ന?ഗരത്തില്‍ സ്‌ഫോടനത്തിന്റെ വലിയ ശബ്ദവും കനത്ത പുകയും ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് ദുബായിലും സ്‌ഫോടന ശബ്ദമുണ്ടായി.
ഇറാന്‍ നടത്തിയ ആക്രമണത്തില്‍ യുഎഇയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ നൂറില്‍ അധികം പേരില്‍ മലയാളികളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ബംഗ്ലാദേശ്, നേപ്പാള്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. യുഎഇക്ക് നേരെ 165 ബാലിസ്റ്റിക് മിസൈലുകള്‍ ആണ് ഇറാന്‍ തൊടുത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 152 എണ്ണം നശിപ്പിച്ചു, രണ്ട് ക്രൂയിസ് മിസൈലുകളും നിര്‍വീര്യമാക്കിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ 541 ഇറാനിയന്‍ ഡ്രോണുകളും യുഎഇ ലക്ഷ്യമാക്കിയെത്തിയെന്നും അതില്‍ 506 എണ്ണം തടഞ്ഞു നശിപ്പിച്ചതായും അധികൃതര്‍ ഒരു പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ആക്രമണത്തില്‍ ഖത്തറില്‍ ഒരാള്‍ മരിച്ചതായും 38 പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.









