എം.എല്‍.എയെ ബോധപൂര്‍വ്വം അപമാനിക്കാന്‍ സി.പി.എം ശ്രമം: മുസ്്ലിം ലീഗ്

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിസംഗരായപ്പോള്‍ ദുരിതബാധിതര്‍ക്കൊപ്പം രാപ്പകല്‍ കൂടെ നില്‍ക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്ത അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എയെ ബോധപൂര്‍വ്വം അപമാനിക്കാനുള്ള ശ്രമങ്ങളാണ് സി.പി.എം നടത്തുന്നതെന്ന് മുസ്്ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് ഉദ്ഘാടന വേദിയില്‍ ഉണ്ടായ സംഭവം പ്രിതഷേധാര്‍ഹവും അപലപനീയവുമാണ്. ടൗണ്‍ഷിപ്പ് ഏതെങ്കിലും ഒരുപാര്‍ട്ടിയുടേതല്ല. അങ്ങനെ വരുത്തിതീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് സി.പി.എം നടത്തുന്നതെന്നും എം.എല്‍.എയുടെ പേര് പറയുമ്പോഴെല്ലാം കൂക്കിവിളിക്കാന്‍ ആളെ ഏല്‍പ്പിച്ചവര്‍ സ്വയം അപഹാസ്യരാവുകയാണ് ചെയ്തതെന്നും മുസ്്ലിം ലീഗ്.

സ്ഥലം എം.എല്‍.എയായ അഡ്വ. ടി. സിദ്ദീഖ് പ്രൊജക്ട് സൈറ്റ് സന്ദര്‍ശിച്ചതിനെ നേരത്തേ സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയടക്കം വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എല്‍.എ പണം നല്കിയില്ലെന്ന തരത്തില്‍ വ്യാജ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഉരുള്‍ദുരന്തത്തിലെ അതിജീവിതര്‍ക്ക് ജനങ്ങളില്‍ നിന്ന് സമാഹരിച്ച പണം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കുന്ന ടൗണ്‍ഷിപ്പിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ സി.പി.എം, ഡി.വൈ.എഫ്.ഐ, എല്‍.ഡി.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ പേരില്‍ ബാനറുകള്‍ നാട്ടിയതും ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ഒരു പൊതുപരിപാടിക്ക് ആശംസകളര്‍പ്പിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പതിവാണെങ്കിലും അതൊന്നുമില്ലാതെയാണ് സി.പി.എം ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
പൂര്‍ണമായും താമസയോഗ്യമാവുക പോലും ചെയ്യാത്ത ടൗണ്‍ഷിപ്പിലെ വീടുകളില്‍ അടിയന്തിരമായി താമസസൗകര്യം ചെയ്യാനുള്ള കാര്യങ്ങളാണ് നടക്കേണ്ടതെന്നും മറ്റെല്ലാം പൊതുജനം കാണുന്നുണ്ടെന്നും ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights