കെട്ടിപ്പിടിച്ചു നിന്നു കരയാന്‍ തോന്നുന്ന അവരുടെ സ്വന്തം കെ രാജന്‍’

കൊച്ചി: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ കണ്ണീരണിഞ്ഞ് റവന്യൂ മന്ത്രി കെ രാജന്‍. പത്ത് വയസ്സുകാരിയായ മകളെ നഷ്ടപ്പെട്ട ഒരു അമ്മ മന്ത്രിയെ ചേര്‍ത്ത് പിടിച്ച് വിങ്ങിപ്പൊട്ടിയ നിമിഷം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ദുരന്തം ഉണ്ടായ ദിനം മുതല്‍ ടൗണ്‍ഷിപ്പ് ഉദ്ഘാടനം നടന്ന ദിവസം വരെ സജീവമായി , ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ച മന്ത്രിയോടുള്ള നാട്ടുകാരുടെ അടുപ്പമാണ് വികാര പ്രകടനം എന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്.സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍ ഷിബു ഗോപാലകൃഷ്ണന്‍ പങ്കുവച്ച് കുറിപ്പ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയുന്നതാണ് ഷിബു ഗോപാലകൃഷ്ണന്റെ പ്രതികരണം.ദുരന്തമുഖത്ത് നിന്നുമുള്ള ഈ മനുഷ്യന്റെ പ്രതികരണങ്ങള്‍ കേള്‍ക്കുമ്പോള്‍, എങ്ങനെയാണ് ഇത്രയും സംയമനത്തോടെ, ഒരിറ്റു കണ്ണീരുപൊടിയാതെ സംസാരിക്കാന്‍ കഴിയുന്നത് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാല്‍ ഇന്ന്, ആ അണക്കെട്ടും സകല ഷട്ടറുകളും തുറന്ന് കുത്തിയൊഴുകുന്നത് കണ്ടു. പത്ത് വയസ്സുകാരിയായ മകളെ നഷ്ടപ്പെട്ട ഒരു അമ്മ, അവരുടെ മിനിസ്റ്ററെ വിടാതെ കെട്ടിപ്പിടിച്ച് നിന്നു, നിര്‍ത്താതെ നിലവിളിച്ചപ്പോള്‍, മന്ത്രി കെ. രാജനും ഒഴുകി. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് പറഞ്ഞു, അവര്‍ക്കൊപ്പം ഉണര്‍ന്നിരുന്ന കെ. രാജന്‍. അവസാനത്തെ ദുരന്തബാധിതനും വീട് ലഭ്യമാക്കിയിട്ടേ ചുരമിറങ്ങൂ എന്നു പറഞ്ഞു, അവര്‍ക്കൊപ്പം നിലയുറപ്പിച്ച കെ. രാജന്‍. കല്ലിടുക മാത്രമല്ല, കല്ലിനുമേല്‍ കല്ലുവച്ച്, അതിനുമേല്‍ നിശ്ചയദാര്‍ഢ്യവും കഠിനപ്രയത്‌നവും ചേര്‍ത്തുവച്ച്, അതിനുമേല്‍ മനുഷ്യരുടെ ആശയും അഭിലാഷവും വീണുപോകാതെ എടുത്തുവച്ച്, സ്വന്തമായിട്ടൊരു വീടെന്ന സ്വപ്നം കെട്ടിയുയര്‍ത്തിയ ചൂരല്‍മലക്കാര്‍ക്കും മുണ്ടക്കൈക്കാര്‍ക്കും വിടാതെ കെട്ടിപ്പിടിച്ചു നിന്നു കരയാന്‍ തോന്നുന്ന അവരുടെ സ്വന്തം കെ. രാജന്‍ എന്ന് വിശേഷിപ്പിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ദുരന്തം ഉണ്ടായ നിമിഷം മുതല്‍ നമ്മള്‍ അവിടെ നിന്ന് കേള്‍ക്കുന്ന ഏറ്റവും സമചിത്തതയുള്ള ശബ്ദമാണ് മന്ത്രി കെ. രാജന്‍. ഒരു അടിയന്തര സാഹചര്യത്തെ എങ്ങനെയാണ് സംയമനത്തോടെ, എന്നാല്‍ ഉത്തരവാദിത്തത്തോടെ, ഒരു രക്ഷാകര്‍ത്താവിന്റെ ആത്മബലത്തോടെ നേരിടേണ്ടത് എന്നതിന് ചൂരല്‍മലക്കാര്‍ക്ക് പറയാന്‍ മറ്റൊരു പേരുണ്ടാവില്ല. ആ സാഹചര്യത്തിന് യോജിക്കാത്ത ഒരു വാക്കോ, വരിയോ, ഒരു മുക്കലോ, മൂളലോ പോലും ഇന്നുവരെ മന്ത്രി കെ. രാജനില്‍ നിന്ന് ഉണ്ടായിട്ടില്ല. ആര്‍ക്കും, എപ്പോള്‍ വേണമെങ്കിലും സമീപിക്കാന്‍ കഴിയുന്ന, എല്ലാ വാതിലും തുറന്നിട്ടിരിക്കുന്ന അത്രയും തുറസ്സായ ഒരു മന്ത്രിയായിരുന്നു കെ രാജന്‍ എന്ന് കുറിപ്പ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights