കൂവലിന് അർഹനല്ല, ദുരന്തത്തിന്റെ മെന്റൽ ട്രോമ കൂടി അനുഭവിച്ചയാളെന്ന് MLA; കൂവൽ ആഗ്രഹിച്ചിരുന്നില്ലെന്ന് വസീഫ്

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കായുള്ള വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടന ചടങ്ങിനിടെ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖിന് നേരെയുണ്ടായ കൂവിവിളി രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഉരുള്‍പ്പൊട്ടല്‍ ദുരന്തം ഉണ്ടായതുമുതല്‍ ഇന്നുവരെ ഫലപ്രദമായ ഇടപെടല്‍ നടത്തിയ, ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച എംഎല്‍എ എന്ന നിലയില്‍ സിദ്ദിഖ് കൂവിവിളി അര്‍ഹിക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിനെ പ്രതിരോധിച്ചുകൊണ്ടുള്ള ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. സദസ്സില്‍ നിന്നും കൂവി വിളിച്ചവരെ തടഞ്ഞ് സംയോജിതമായ ഇടെപടല്‍ നടത്തിയ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ ഇടപെടലും കയ്യടിനേടുകയാണ്. ദുരിത ബാധിതരെ ചെറിയ സമയത്തിനുള്ളിൽ മാതൃകാപരമായി പുനരധിവസിപ്പിച്ച കേരളത്തിന്റെ നടപടി ലോകത്തിന് മുന്നില്‍ കയ്യടി നേടുമ്പോഴാണ് ഇത്തരം ചില കല്ലുകടികള്‍ ചർച്ചയാവുന്നത്. യഥാർത്ഥത്തിൽ ഇന്നലെ എന്താണ് സംഭവിച്ചതെന്ന് വി വസീഫും അത് തനിക്കുണ്ടാക്കിയ മാനസിക പ്രയാസത്തെക്കുറിച്ച് ടി സിദ്ദീഖും പങ്കുവെയ്ക്കുകയാണ്.

കൂവലിന് അർഹനല്ല

ഇന്നലത്തെ സംഭവം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് ടി സിദ്ദീഖ് റിപ്പോര്‍ട്ടറിനോട് പറയുന്നു. രാഷ്രീയത്തിനോ ഭിന്നിപ്പിനോ സ്ഥാനമില്ലാത്തയിടത്ത് നിന്നും വ്യത്യസ്ത ശബ്ദം ഉണ്ടായത് വേദനിപ്പിച്ചു. താനിതിന് അര്‍ഹനല്ലെന്ന ബോധ്യം ഉണ്ടായിരുന്നു. ദുരന്തത്തിന്റെ മെന്റല്‍ ട്രോമ അനുഭവിച്ചയാളാണ്. മാക്‌സിമം എഫേര്‍ട്ട് ഇട്ടയാളാണ്. ദുരന്തനിവാരണ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരും യുവജന സംഘടനകളും സാമുദായിക സംഘടകളും അടക്കം എല്ലാവരും ഒറ്റക്കെട്ടായി കൈമെയ് മറന്നിറങ്ങിയതാണ്. രാപ്പകലില്ലാതെ എല്ലാവരുടെയും ഇടപെടലുണ്ടായി. സര്‍ക്കാര്‍തലത്തിലെ ഏകോപിത മീറ്റിംഗുകളും അല്ലാതെയും അടക്കം നിരവധി കൂടിച്ചേരലുകള്‍ അവിടെയുണ്ടായി. 90 ശതമാനം യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ട്.ഇന്നലത്തെ സംഭവം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ആ സ്ഥലം രാഷ്ട്രീയത്തിനോ മറ്റുള്ള ഏതെങ്കിലും ഭിന്നിപ്പിനോ ഉള്ളതല്ല. ചേര്‍ത്തുനിര്‍ത്തലിന്റെയും സ്‌നേഹത്തിന്റെയും ഒരുമയുടെയും കേന്ദ്രമാണ്. വ്യത്യസ്തമായ ശബ്ദം ഉണ്ടായെന്നത് വേദനിപ്പിച്ചു. ഞാനിതിന് അര്‍ഹനാണോ എന്നതും എന്നെ വേട്ടയാടി.

ദുരന്തമുണ്ടായപ്പോൾ ആദ്യം വിളിച്ചത് ചീഫ് സെക്രട്ടറി വേണുവിനെയാണ്. മൂന്നാമത്തെ റിംഗില്‍ അദ്ദേഹം ഫോണ്‍ എടുത്തു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിളിച്ചു. നമ്മളങ്ങനെയാണ് പോയത്. രാഷ്ട്രീയം പറയും വീഴ്ചകള്‍ പറയും. അത് തിരിച്ച് ഇങ്ങോട്ടും പറയും. അത് സ്വാഭാവികമാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തീവ്രത കൂടും.കൂവലുണ്ടായപ്പോൾ അവിടെ ഇടപെട്ട ആളുകളെക്കുറിച്ചും ഇടപെടാത്ത ആളുകളെക്കുറിച്ചും കൃത്യമായ ബോധ്യമുണ്ട്. സംയോജിതമായ ഇടപെടലിനെ ഉത്തരവാദിത്തത്തോടെ കാണുന്നു. സ്വാഗത പ്രസംഗം കഴിഞ്ഞപ്പോള്‍ കൈവിട്ടുപോവുകയാണല്ലോ, രാഷ്ട്രീയവല്‍ക്കരിക്കരുതല്ലോയെന്നും മന്ത്രി രാജനോട് പറഞ്ഞിരുന്നു.

വസീഫിന്റേത് ഉള്‍പ്പെടെ യുവജനസംഘടനയുടെ പേരില്‍ അവിടെ ഇടപെടല്‍ നടന്നു. മുസ്ലിം ലീഗ് വീട് കൊടുത്ത സ്ഥലത്ത് ഇന്നലെ പോയിരുന്നു. സെന്റ് തോമസ് ചര്‍ച്ചിന്റെ ഉമ്മറത്തിരുന്നാണ് ആളുകള്‍ നിസ്‌കരിച്ചത്. കൃഷ്ണരാജിന്റെ ബ്രാഹ്‌മിണ്‍ കുടുംബമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയാണ് മുലയൂട്ടാനും പ്രാഥമികകൃത്യങ്ങള്‍ക്കും റൂം തുറന്നുകൊടുത്തത്. രാഷ്ട്രീയത്തിനും മതത്തിനും അതീതമായി നമ്മള്‍ ഒന്നിച്ചു. ഇതാണ് നമ്മുടെ രീതി’ സിദ്ദീഖ് പറഞ്ഞു.സംയോജിതമായി ഇടപെട്ടുഅത്തരമൊരു സ്ഥലത്ത് കൂവല്‍ ഉണ്ടാവരുത് എന്ന് തന്നെയാണ് ആഗ്രഹിച്ചതെന്ന് വസീഫും പറഞ്ഞു. സംയമനത്തോടെ ഇടപെടണം എന്നാണ് പഠിച്ചതും പഠിപ്പിക്കാന്‍ ശ്രമിച്ചതും. ആളുകള്‍ പലതരത്തിലാകും വികാരപ്രകടനങ്ങള്‍ നടത്തുക. നമ്മള്‍ അതിന്റെ ഭാഗമാകരുതല്ലോയെന്നാണ് വസിഫ് പ്രതികരിച്ചത്.

‘വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ദിവസമായിരുന്നു ഇന്നലെ. വലിയ സന്തോഷത്തിലായിരുന്നു. സര്‍പ്രൈസായി 178 ടിവിയുമായാണ് ഡിവെെഎഫ്ഐ അവിടെയെത്തിയത്. ടിവി വിതരണം ചെയ്തുകൊണ്ടിരിക്കെയാണ് ബഹളം കേട്ടത്. അങ്ങോട്ട് പോയി നോക്കി. സിപിഐഎം ജില്ലാ സെക്രട്ടറി റഫീഖും ഉണ്ടായിരുന്നു. സദസ്സിലിരുന്ന അദ്ദേഹം ആളുകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്. നമുക്ക് അങ്ങോട്ട് ഇറങ്ങാം എന്ന് റഫീഖിനോട് പറഞ്ഞപ്പോള്‍ രണ്ടുപേരും ഇറങ്ങുകയായിരുന്നു. ശബ്ദമുണ്ടാക്കരുതെന്ന് പറയുകയായിരുന്നു. ആ ചടങ്ങ് എല്ലാവരും കൂടെ നടത്തേണ്ടതാണ്. പ്രതിഷേധം എല്ലാവര്‍ക്കുണ്ടാകാം. എതിരാളികളെ എങ്ങനെ മോശമാക്കാം എന്ന് ഇടപെടുന്ന ഒരാളുടെ വാക്കുകളോട് എതിര്‍പ്പുണ്ടാകാം’, വസീഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights