മറ്റൊരാളുടെ ഭാര്യയെ മോഷ്ടിച്ച് സ്വന്തമാക്കും; വ്യത്യസ്തമായ ആചാരം, ഇങ്ങനെയും ചിലർ

ഒരു വ്യക്തിക്ക് മറ്റൊരാളുടെ ഭാര്യയെ സ്വന്തമാക്കാൻ അവസരം ഒരുക്കുന്ന ഒരു ആചാരം. ആ ആചാരം നടത്തുന്നതിനായി പ്രത്യേക ഉത്സവം. ലോകത്ത് ഇങ്ങനെയൊരു ചടങ്ങ് ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ വിശ്വസിച്ചേ തീരൂ. കാരണം ആഫ്രിക്കയിലെ നൈഗർ , കാമറൂണ്‍, കോംഗോ തുടങ്ങിയ പ്രദേശങ്ങളിൽ ജീവിക്കുന്ന വൊഡാബെ എന്ന ഗോത്രവർഗ്ഗത്തിന്റെ സുപ്രധാനമായ ആചാരങ്ങളിൽ ഒന്നാണ് ഈ ‘ഭാര്യയെ തട്ടിയെടുക്കൽ.’ ഗംഭീരമായ ആഘോഷത്തോടെയാണ് ഈ ആചാരം ഇവർ നടത്തുന്നത്.

കന്നുകാലികളെയും കഴുതകളെയും വളർത്തലാണ് വൊഡാബെ ഗോത്രക്കാരുടെ പ്രധാന ജോലി. നാടോടികളായ ഇവർ ദീർഘദൂരം സഞ്ചരിക്കാറുണ്ട്. ആചാരങ്ങൾ കൊണ്ട് സമ്പന്നമാണ് ഇവരുടെ പാരമ്പര്യം. വ്യത്യസ്തമായ രീതിയിൽ ആർഭാടപൂർവമായി വസ്ത്രങ്ങൾ ധരിക്കുകയും ഭൂതകാലവുമായി ബന്ധിപ്പിക്കുന്ന ഉത്സവങ്ങൾ നടത്തുകയും ചെയ്യുന്നത് ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്.

അത്തരത്തിൽ വോഡാബെ ജനതയുടെ ആകർഷകമായ ഉത്സവങ്ങളിൽ ഒന്നാണ് ഗീർവോൾ ഉത്സവം. എല്ലാവർഷവും മുറതെറ്റാതെ അവർ ഈ ഉത്സവം നടത്താറുണ്ട്. മഴക്കാലം കഴിഞ്ഞാൽ ഉടൻതന്നെ ഉത്സവം ആരംഭിക്കും. ഗോത്ര വിഭാഗത്തിൽ ഉൾപ്പെടുന്നവർ ദൂരദേശങ്ങളിൽ നിന്നുവരെ ഇതിൽ പങ്കെടുക്കാൻ എത്താറുമുണ്ട്. പുരുഷന്മാരുടെ ഫാഷൻ പരേഡ് എന്ന് വേണമെങ്കിൽ ഉത്സവത്തെ വിശേഷിപ്പിക്കാം. പ്രത്യേക രീതിയിൽ മേക്കപ്പും ആഭരണങ്ങളും ധരിച്ച് ഇവർ നൃത്തം ചെയ്യും
പുരുഷന്മാരുടെ സൗന്ദര്യവും കഴിവുകളും ശരീരത്തിന്റെ ശക്തിയും പ്രദർശിപ്പിക്കുകയാണ് ഈ ഫാഷൻ പരേഡിന്റെ ലക്ഷ്യം. കണ്ണുകളുടെയും പല്ലുകളുടെയും വെളുപ്പ് കൂടുതൽ എടുത്തറിയിക്കുന്നതിന് കടുംനിറത്തിലുള്ള ഐലൈനറുകളും ലിപ്സ്റ്റിക്കുകളും ഇവർ ഉപയോഗിക്കും. പ്രത്യേക പൊടികളും വെളുത്ത പെയിന്റും മുഖത്തുണ്ടാകും. മൂക്ക് കൂടുതൽ നീണ്ടതായി തോന്നിപ്പിക്കാൻ വെളുത്ത വരകൾ വരയ്ക്കും. നെറ്റി ഉയർന്നതായി തോന്നിപ്പിക്കാൻ മുടി വെട്ടിയശേഷം നീളൻ മുടി പിന്നിയിടും. ആഭരണങ്ങളും തൂവലുകളുംകൊണ്ട് അലങ്കരിച്ച ആചാരപരമായ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യും.

വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആചാരത്തിൽ പങ്കെടുക്കുന്ന പുരുഷന്മാർ നൃത്തം ചെയ്തു തുടങ്ങും. ഗോത്ര വിഭാഗത്തിലെ മറ്റു പുരുഷന്മാരും വിവാഹിതരായ സ്ത്രീകളും ഇവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ചുറ്റും കൂടുകയും ചെയ്യും. യാകെ എന്നാണ് ഈ നൃത്തം അറിയപ്പെടുന്നത്. പ്രകടനത്തിൽ തങ്ങളുടെ ശക്തി നിലനിർത്താൻ ഉത്സവത്തിന് മുൻപ് തന്നെ പുരുഷന്മാർ തയാറെടുപ്പുകൾ നടത്തിയിരിക്കും. ഏഴു ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് ഗീർവോൾ ഉത്സവം. ഈ ദിവസങ്ങളിൽ മണിക്കൂറുകളോളം പുരുഷന്മാർ നൃത്തം ചെയ്യണം. ഒരു മത്സരം എന്നപോലെ നടക്കുന്ന ഈ നൃത്തത്തിന്റെ വിധികർത്താക്കൾ സ്ത്രീകളായിരിക്കും. നൃത്തം കാണാൻ എത്തുന്ന വിവാഹിതരായ സ്ത്രീകൾക്ക് മത്സരിച്ച പുരുഷന്മാരിൽ ആരോടെങ്കിലും ആകർഷണം തോന്നിയാൽ അവരെ ചൂണ്ടിക്കാട്ടി തെരഞ്ഞെടുക്കും. അന്നേദിവസം ആ പുരുഷൻ തന്നെ തിരഞ്ഞെടുത്ത സ്ത്രീയുമായി ഒളിച്ചോടി ആരാലും പിടിക്കപ്പെടാതെ ഒരു രാത്രി ഒരുമിച്ചു കഴിയണം. അവരെ തടയാനോ പിടികൂടാൻ സാധിച്ചില്ലെങ്കിൽ സ്വാഭാവികമായി പിന്നീട് ആ സ്ത്രീ അയാളുടെ ഭാര്യയാവും. സ്ത്രീയുടെ പഴയ വിവാഹബന്ധം റദ്ദാക്കപ്പെടുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights