പുൽപള്ളി : ശക്തമായ പകൽ ചൂടിൽ കാർഷിക വിളകൾ കരയുന്നതിനു പുറമേ തോടുകളും ജലാശയങ്ങളും വേഗം വറ്റുന്നതിനാൽ ജലക്ഷാമവും രൂക്ഷമാകുന്നു.
ഇക്കൊല്ലം അധിക മഴ ലഭിച്ചതിനാൽ ഇതുവരെ കാര്യമായ പ്രശ്നങ്ങളുണ്ടായില്ല. ജില്ലയുടെ മിക്ക ഭാഗത്തും പലവട്ടം വേനൽ മഴ ലഭിച്ചപ്പോൾ അതിർത്തിയിലൊരിടത്തും മഴ പെയ്തില്ല.
അതോടെ ഇവിടെ പകൽചൂട് അതിശക്തമായി. വേനൽ ചൂട് തീപിടിത്തത്തിനും കാരണമാകുന്നു. കഴിഞ്ഞ ദിവസം ചാമപ്പാറയിൽ കൃഷിയിടത്തിൽ തീപടർന്നു. സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തിനു സമീപം കാടുപിടിച്ചു കിടന്ന സ്‌ഥലത്താണ് ആദ്യം തീപിടിത്തമുണ്ടായത്.
ബത്തേരിയിൽ നിന്നു അഗ്നിര ക്ഷാസേനയെത്തിയാണ് തീയണച്ചത്.
വരണ്ടുണങ്ങിയ വനവും വേനൽ ഭീഷണി നേരിടുകയാണ്. ഉണങ്ങിയ കരിയിലകളും പുൽചെടികളും കാട്ടുതീ പടരാനുള്ള സാഹചര്യവുമുണ്ടാക്കും.
ജലസേചനത്തിനു സൗകര്യമില്ലാത്ത തോട്ടങ്ങളിലെ കൃഷികൾ വാടിയുണങ്ങി. കന്നുകാലികൾക്കുള്ള പുല്ലും കിട്ടാനില്ലെന്നു ക്ഷീരകർഷകർ പറയുന്നു.
കൊളവള്ളിയിലടക്കം പാടങ്ങൾ വിണ്ടുകീറി. കളിമണ്ണുകലർന്ന അതിർത്തി പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം.
ഈ മണ്ണിലെ വിളകളും പെട്ടെന്നു വാടിക്കരിയുന്നതായി പ്രദേശവാസികൾ പറയുന്നു.









