ബത്തേരി: വടക്കനാട് പച്ചാടിയില്‍ യുവകര്‍ഷകന്‍ രജീവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള നിര്‍ണ്ണായക ദൗത്യത്തിന് വനംവകുപ്പ് തുടക്കം കുറിച്ചു. വന്യജീവി സങ്കേതം മേധാവിയുടെ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല സാങ്കേതിക സമിതി യോഗത്തിന് ശേഷമാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കമായത്. ദൗത്യത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ വനത്തിനുള്ളില്‍ ആനയെ ലോക്കേറ്റ് ചെയ്യാനും നിരീക്ഷിക്കാനുമുള്ള നീക്കങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഏറെ സങ്കീര്‍ണ്ണമായ ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഒന്‍പത് പ്രത്യേക സംഘങ്ങളെയാണ് വനംവകുപ്പ് നിയോഗിച്ചിരിക്കുന്നത്. ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ട്രാക്കിംഗ് ടീം, മയക്കുവെടി വെക്കാനുള്ള വിദഗ്ധ സംഘം, പിടികൂടുന്ന ആനയെ സുരക്ഷിതമായി മുത്തങ്ങയിലെത്തിക്കാനുള്ള വാഹന വ്യൂഹം, കുങ്കിയാനകളുടെ ചുമതലയുള്ളവര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് ദൗത്യം ഏകോപിപ്പിക്കുന്നത്. പിടികൂടുന്ന കൊമ്പനെ പാര്‍പ്പിക്കുന്നതിനായി മുത്തങ്ങ ആനപ്പന്തിയില്‍ പ്രത്യേക കൂട് (Kraal) നിര്‍മ്മിക്കാനുള്ള നടപടികളും യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചു കഴിഞ്ഞു.
ആനയെ പിടികൂടുന്നത് വരെ ജനവാസ കേന്ദ്രങ്ങളിലേക്ക് കൊമ്പന്‍ ഇറങ്ങാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ വനംവകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ദൗത്യം നടപ്പിലാക്കുന്നത്. പ്രദേശവാസികളുടെ ആശങ്ക പരിഗണിച്ച് വനമേഖലയോട് ചേര്‍ന്നുള്ള ഇടങ്ങളില്‍ പട്രോളിംഗും ശക്തമാക്കി. ദൗത്യത്തിന് മുന്നോടിയായി നടന്ന സാങ്കേതിക സമിതി യോഗത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലി, പൂതാടി പഞ്ചായത്തംഗം അനില്‍കുമാര്‍, കുറിച്യാട് റേഞ്ച് ഓഫീസര്‍ കണ്ണന്‍, ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. മയക്കുവെടി വെക്കുന്നതിനായുള്ള അനുകൂല സാഹചര്യം ഒത്തുവന്നാലുടന്‍ ദൗത്യത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം. വടക്കനാട് മേഖലയില്‍ നിലവില്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്.
കൊലയാളി കൊമ്പനെ പൂട്ടാന്‍ വനംവകുപ്പ്









