മാനന്തവാടി നഗരത്തിൽ മാലിന്യക്കൂമ്പാരം; പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ, നഗരസഭയ്‌ക്കെതിരെ പ്രതിഷേധം

മാനന്തവാടി: മാനന്തവാടി നഗരഹൃദയത്തിൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് കടുത്ത പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. കോഴിക്കോട് റോഡിന് സമീപത്തുള്ള കെട്ടിട സമുച്ചയങ്ങളുടെ പിൻഭാഗത്താണ് വർഷങ്ങളായി മാലിന്യം കുന്നുകൂടി കിടക്കുന്നത്. നഗരസഭയുടെയും ആരോഗ്യവിഭാഗത്തിന്റെയും അനാസ്ഥയ്ക്കെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്.

കോഴിക്കോട് റോഡിലെ കെട്ടിടങ്ങൾക്കും മാനന്തവാടി പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള സ്ഥാപനങ്ങൾക്കും ഇടയിലുള്ള ഭാഗത്താണ് ഈ മാലിന്യശേഖരമുള്ളത്. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, മറ്റ് അജൈവ മാലിന്യങ്ങൾ എന്നിവ ഇവിടെ കുന്നുകൂടി കിടക്കുകയാണ്. ഇതിനുപുറമെ, കെട്ടിടങ്ങളിൽ നിന്നുള്ള മലിനജലവും ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇത് കടുത്ത ദുർഗന്ധത്തിനും ഈച്ചയും കൊതുകും പെരുകുന്നതിനും കാരണമാകുന്നു.

മാലിന്യപ്രശ്നം പലതവണ നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും താലൂക്ക് സഭയിൽ വിഷയം ഉന്നയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലും അധികൃതർ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മാലിന്യം നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights