ശരീരം വൃത്തിയായി സൂക്ഷിക്കുക മാത്രമല്ല, മാനസികമായി ഉന്മേഷം കിട്ടാനും കുളിക്കുന്നത് നല്ലതാണ്. ദിവസത്തിൽ ഒരു നേരമെങ്കിലും കുളിക്കുക എന്നാതാണ് മലയാളികളുടെ ഒരു രീതി. ചിലർ പകൽ തിരഞ്ഞെടുക്കുമ്പോൾ മറ്റു ചിലർക്ക് വൈകുന്നേരമാണ് സൗകര്യം. രണ്ട് നേരം കുളിക്കുന്നവരും കുറവല്ല. രാവിലെയുള്ള കുളിക്കും വൈകുന്നേരമുള്ള കുളിക്കും ശാസ്ത്രീയമായി വ്യത്യാസങ്ങളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. മാത്രമല്ല, കുളിക്കാൻ നല്ല സമയവുമുണ്ടത്രേ.പാശ്ചാത്യ രാജ്യങ്ങളായ അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, കാനഡ എന്നിവിടങ്ങളിലെല്ലാം രാവിലത്തെ ശീലമാണ് കുളി. എന്നാൽ ഏഷ്യൻ രാജ്യങ്ങൾ പലതിലും രാത്രി കുളിക്കുന്നതാണ് ശീലം. രാത്രിയിലത്തെ കുളി ശരീരത്തെ ക്ലെൻസ് ചെയ്യുകയും പകലത്തെ അഴുക്കുകളും വിഷാംശങ്ങളുമെല്ലാം അകറ്റുകയും ശരീരത്തിന് വിശ്രമം നൽകുകയും മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യും.
രാവിലെയും രാത്രിയും കുളിക്കുന്നതു കൊണ്ട് വ്യത്യസ്ത ഗുണങ്ങളുണ്ട്. രാവിലത്തെ കുളി ഉന്മേഷവും ഊർജവും നൽകുകയും ദൈനംദിന പ്രവൃത്തികൾ കൃത്യതയോടെ ചെയ്യാൻ സഹായിക്കുകയും ചെയ്യുമ്പോൾ, വൈകുന്നേരമോ രാത്രിയോ കുളിക്കുന്നത് ശരീരത്തെ റിലാക്സ് ചെയ്യിക്കുകയും ക്ഷീണമകറ്റുകയും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യും. ജീവിതശൈലി, കാലാവസ്ഥ, വ്യക്തിപരമായ താൽപര്യങ്ങൾ ഇവയനുസരിച്ച് ഓരോരുത്തർക്കും കുളിക്കാൻ ശരിയായ സമയം തെരഞ്ഞെടുക്കാവുന്നതാണ്.
രാത്രി കുളിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ
ചൂടു വെള്ളം പേശികളെ റിലാക്സ് ചെയ്യാൻ സഹായിക്കുന്നു.
മനസ്സും ശരീരവും റിലാക്സ് ആകാൻ സഹായിക്കുന്നു. മെച്ചപ്പെട്ട ഉറക്കം ലഭിക്കും.
പകൽ സമയത്തുള്ള വിയർപ്പ്, അഴുക്ക്, അന്തരീക്ഷത്തിലെ മലിനവസ്തുക്കൾ ഇവയെല്ലാം രാത്രി കുളിക്കുന്നതിലൂടെ അകറ്റുന്നു.
ചർമത്തിന്റെ ആരോഗ്യം നിലനിർത്തുന്നു.
ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥകളിൽ രാത്രിയിലെ കുളി ഏറ്റവും ഗുണകരമാണ്.രാവിലെ കുളിച്ചാലുള്ള ഗുണങ്ങൾ
ദിവസം തുടങ്ങുമ്പോൾ കുളിക്കുന്നത് ശരീരത്തിന് ഉന്മേഷവും ഊർജ്ജവും കിട്ടാൻ സഹായിക്കുന്നു.
ഉറക്കം തൂങ്ങുന്നത് ഒഴിവാക്കി എപ്പോഴും ഫ്രഷ് ആയിരിക്കാൻ സഹായിക്കും.









