ഫാഷന്‍ ലോകത്ത് ചില വസ്ത്രങ്ങള്‍ വെറും വസ്ത്രങ്ങളായിരിക്കില്ല. അതിന് പിന്നില്‍ ഒരു കഥയുണ്ടാകും. ചിലപ്പോള്‍ ആ കഥ ഒരു കാലഘട്ടത്തിന്റെ തന്നെ ഓര്‍മ്മയായി മാറും. അത്തരത്തിലൊന്നാണ് ഡയാന രാജകുമാരി ധരിച്ച പ്രശസ്തമായ ‘റിവഞ്ച് ഡ്രസ്’.’
വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ലേലത്തിനെത്തുന്ന ഈ കറുത്ത വസ്ത്രത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പരമാവധി വില ഏകദേശം 2.8 കോടി രൂപയാണ്. 2026 ഡിസംബര്‍ 9ന് ന്യൂയോര്‍ക്കില്‍ സോത്ത്ബിയുടെ ഫാഷന്‍ ലേലത്തിലാണ് വസ്ത്രം വില്‍ക്കുന്നത്. 1.4 കോടി മുതല്‍ 2.8 കോടി രൂപ വരെയാണ് നിലവിലെ കണക്കുകൂട്ടല്‍. ലേലത്തിന് മുമ്പ് ലണ്ടന്‍, ഹോങ്കോങ്, ജനീവ എന്നിവിടങ്ങളിലും വസ്ത്രം പ്രദര്‍ശിപ്പിക്കും.
എന്തുകൊണ്ടാണ് ഈ വസ്ത്രത്തിന് ഇത്രയും പ്രാധാന്യം?
1994 ജൂണ്‍ 29. ലണ്ടനിലെ സെര്‍പന്റൈന്‍ ഗാലറിയില്‍ വാനിറ്റി ഫെയര്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലേക്ക് ഡയാന എത്തുന്നു. അന്ന് അവര്‍ ധരിച്ചിരുന്നത് ശരീരത്തോട് ചേര്‍ന്നുകിടക്കുന്ന, തോളുകള്‍ തുറന്നുകാണിക്കുന്ന മനോഹരമായ കറുത്ത സില്‍ക്ക് വസ്ത്രമാണ്. ഡിസൈനര്‍ ക്രിസ്റ്റീന സ്റ്റാംബോളിയന്‍ ഒരുക്കിയ ഈ വസ്ത്രം ഡയാനയുടെ അന്നത്തെ പതിവ് രാജകീയ വേഷങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. കറുത്ത നിറം, ഓഫ്-ഷോള്‍ഡര്‍ ഡിസൈന്‍, ഫിഗര്‍-ഹഗ്ഗിങ് ഫിറ്റ് എല്ലാം ചേര്‍ന്നപ്പോള്‍ അത് വളരെ ധീരമായൊരു ഫാഷന്‍ സ്റ്റേറ്റ്‌മെന്റായി മാറി.പക്ഷേ വസ്ത്രത്തെ ഇത്രയും പ്രശസ്തമാക്കിയത് അതിന്റെ ഡിസൈന്‍ മാത്രമായിരുന്നില്ല.
എന്തുകൊണ്ടാണ് ആ വസ്ത്രത്തിന് ‘റിവഞ്ച് ഡ്രസ്’ എന്ന് പേര് ലഭിച്ചത്
ഡയാന ആ പരിപാടിയില്‍ എത്തിയ അതേ ദിവസം അവരുടെ ഭര്‍ത്താവായിരുന്ന അന്നത്തെ പ്രിന്‍സ് ചാള്‍സ്, ടെലിവിഷനില്‍ താന്‍ വിവാഹേതര ബന്ധത്തിലായിരുന്നുവെന്ന് പരസ്യമായി സമ്മതിച്ചിരുന്നു. ഇത്തരം സാഹചര്യത്തില്‍ ഡയാന പൊതുവേദിയില്‍ പ്രത്യക്ഷപ്പെടില്ലെന്നായിരുന്നു പലരുടെയും പ്രതീക്ഷ. എന്നാല്‍ അതിന് വിപരീതമായി അവര്‍ പരിപാടിയില്‍ എത്തി.
അണിഞ്ഞിരുന്ന ആ കറുത്ത വസ്ത്രം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഡയാനയിലേക്ക് തിരിച്ചു. അതോടെ മാധ്യമങ്ങള്‍ അതിന് ‘Revenge Dress’ എന്ന പേര് നല്‍കുകയായിരുന്നു. പിന്നീട് ഈ വസ്ത്രം പ്രതികാരത്തിന്റെ മാത്രം പ്രതീകമായിട്ടല്ല ആത്മവിശ്വാസവും വ്യക്തിത്വവും തിരിച്ചുപിടിക്കുന്ന സ്ത്രീയുടെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് എന്ന നിലയിലും വിലയിരുത്തപ്പെട്ടു.
ഏറ്റവും വലിയ പ്രത്യേകത ഡയാന ഈ വസ്ത്രം സ്വന്തമാക്കി ഏകദേശം മൂന്ന് വര്‍ഷത്തോളം കഴിഞ്ഞ ശേഷമാണ് അത് ധരിച്ചത്. അന്ന് ആ വസ്ത്രം ധരിക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് ആശങ്കയുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ 1994ലെ ആ രാത്രിയില്‍ അതേ വസ്ത്രം ധരിച്ചപ്പോള്‍ അത് ഡയാനയുടെ ഏറ്റവും ശ്രദ്ധേയമായ ഫാഷന്‍ ലുക്കുകളില്‍ ഒന്നായി മാറി. കറുത്ത വസ്ത്രത്തിനൊപ്പം മുത്തുകളുള്ള ചോക്കറും വലിയ സഫയര്‍ കല്ലുള്ള നെക്ലേസും ചുവന്ന ലിപ്സ്റ്റിക്കും ഉപയോഗിച്ചായിരുന്നു ലുക്ക് പൂര്‍ത്തിയാക്കിയത്.
ഫാഷനില്‍ ‘Revenge Dressing’ എന്നൊരു ആശയം ഉണ്ടായത്
ഡയാനയുടെ ഈ ലുക്ക് പിന്നീട് ഫാഷന്‍ ലോകത്ത് തന്നെ വ്യത്യസ്തമായ ഒരു ആശയമായി മാറി. വേദനയോ വേര്‍പിരിയലോ പോലുള്ള വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ക്കുശേഷം കൂടുതല്‍ ആത്മവിശ്വാസത്തോടെ, ശ്രദ്ധേയമായി വസ്ത്രം ധരിച്ച് സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കുന്ന രീതിയെയാണ് പൊതുവെ ഈ പദം കൊണ്ട് വിശേഷിപ്പിക്കുന്നത്.അതുകൊണ്ടുതന്നെ ഡയാനയുടെ ‘റിവഞ്ച് ഡ്രസ്’ ഇന്നും ഫാഷന്‍ ചരിത്രത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വസ്ത്രങ്ങളില്‍ ഒന്നാണ്.
ഈ വസ്ത്രം ഇതാദ്യമായല്ല ലേലത്തിനെത്തുന്നത്
1997ല്‍ ഡയാന തന്റെ നിരവധി വസ്ത്രങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലേലത്തിന് വച്ചിരുന്നു. അതില്‍ ‘റിവഞ്ച് ഡ്രസും’ ഉള്‍പ്പെട്ടിരുന്നു. അന്ന് ഒരു സ്‌കോട്ടിഷ് ദമ്പതികളാണ് വസ്ത്രം സ്വന്തമാക്കിയത്. ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും വസ്ത്രം ലേലത്തിനെത്തുകയാണ്. ഇത്തവണ ലഭിക്കുന്ന തുകയില്‍ ഒരു ഭാഗം NHS Lothian Charity വഴി റോയല്‍ എഡിന്‍ബറോ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും.







